കോസ്റ്റക്ക് മുന്നറിയിപ്പുമായി ചെൽസി

- Advertisement -

ഡിയഗോ കോസ്റ്റയും വിവാദങ്ങളും എന്നും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. എതിർ ടീമുമായി ഉടക്കുന്നതിലും അച്ചടക്ക നടപടികൾ നേരിടുന്നതിന്‍റെ പേരിലും വാർത്തകളിൽ ഇടം പിടിക്കാറുള്ള കോസ്റ്റ പക്ഷെ ഇത്തവണ വാർത്തകളിൽ നിറഞ്ഞത് സ്വന്തം കോച്ചുമായുണ്ടായ തർക്കത്തിന്‍റെ പേരിലാണ്.

ശനിയാഴ്ച നടന്ന ലെസ്റ്റർ – ചെൽസി മത്സരത്തിനിടക്ക് തന്നെ പിൻവലിക്കാൻ ഡിയാഗോ കോസ്റ്റ ചെൽസി പരിശീലകൻ അന്റോണിയോ കൊണ്ടെയോട് ആവശ്യപ്പെട്ടിരുന്നു. ഈ സീസണിൽ ആകെ കളിച്ച 8 മത്സരങ്ങളിൽ നിന്ന് 4 മഞ്ഞ കാർഡ് കണ്ട കോസ്റ്റ 1 കാർഡ് കൂടെ ലഭിച്ചാൽ സസ്പെൻഷൻ നേരിടേണ്ടി വരും. ലെസ്റ്ററിനെതിരെ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കോസ്റ്റക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള അടുത്ത മത്സരത്തിന് ഇറങ്ങാൻ സാധിക്കുമായിരുന്നില്ല. ഈ കാരണം കൊണ്ടാണ് കോസ്റ്റ തന്നെ പിൻവലിക്കാൻ പരിശീലകനോട് ആവശ്യപ്പെട്ടതെന്നാണ് എല്ലാവരും കരുതിയതെങ്കിലും ഇംഗ്ലണ്ടിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ മറിച്ചാണ്.

മത്സരം തുടങ്ങിയാൽ നിരന്തരം തന്‍റെ കളിക്കാർക്ക് നിർദേശങ്ങൾ നൽകുകയും മറ്റും ചെയ്യുന്ന ശൈലിക്കാരനാണ് ചെൽസി കോച്ച് അന്റോണിയോ കൊണ്ടേ. കഴിഞ്ഞ മത്സരത്തിനിടക്ക് കൊണ്ടേ തന്‍റെ പ്രധാന കളിക്കാരനായ ഡിയാഗോ കോസ്റ്റക്ക് ഇത്തരത്തിൽ നിരന്തരം നിർദേശങ്ങൾ നൽകിയിരുന്നു. ഇതിഷ്ടപ്പെടാതെയാണ് കോസ്റ്റ അരിശം പൂണ്ട് തന്‍റെ കോച്ചിന് നേരെ തന്നെ പിൻവലിക്കാൻ ആംഗ്യം കാണിച്ചത്.

ഏതായാലും കഴിഞ്ഞ സീസണിൽ കളിക്കാരും കോച്ചും തമ്മിലുള്ള അഭിപ്രായ വിത്യാസം കാരണം മൗറിഞ്ഞോക്ക് പരിശീലക സ്ഥാനം ഒഴിയേണ്ടി വരികയും ഒത്തിണക്കമില്ലായ്മ പ്രകടനത്തിൽ പ്രതിഫലിക്കുകയും ചെയ്തിരുന്നു ടീമിലെ അച്ചടക്കത്തിന്റെ വില അറിയാവുന്ന ചെൽസി മാനേജ്മെന്‍റ് കോസ്റ്റയെ താകീത് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മത്സര ശേഷം കൊണ്ടെയോട് സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് കോസ്റ്റ ടീമിന്‍റെ അവിഭാജ്യ ഘടകമാണെന്നും അതുകൊണ്ടു തന്നെ എല്ലാ മത്സരങ്ങളിലും കോസ്റ്റ മുഴുവൻ സമയവും മൈതാനത്തിലുണ്ടാവണം എന്നാണു തന്‍റെ  ആഗ്രഹമെന്നും കൊണ്ടേ പ്രതികരിച്ചിരുന്നു.

വിവാദങ്ങളുണ്ടെങ്കിലും മികച്ച ഫോമിലാണ് കോസ്റ്റ. 8 നൽസരങ്ങളിൽ നിന്ന് 7 ഗോളുമായി പ്രീമിയർ ലീഗിലെ നിലവിലെ ടോപ് സ്കോററാണ് ഈ സ്പെയിൻ ദേശീയ താരം.

Advertisement