വന്‍ മതില്‍ കെട്ടി വീണ്ടും ചൈന, അയര്‍ലണ്ടിനെയും സമനിലയില്‍ കുരുക്കി

തങ്ങളുടെ അരങ്ങേറ്റ ലോകകപ്പില്‍ തോല്‍വി അറിയാതെ ചൈനയുടെ യാത്ര. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 2-2 എന്ന സ്കോറിനു സമനിലയില്‍ കുരുക്കിയ ചൈന രണ്ടാം മത്സരത്തില്‍ അയര്‍ലണ്ടുമായി സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഗോള്‍ വീഴാതിരുന്ന ശേഷം ചൈന രണ്ടാം പകുതിയില്‍ ലീഡ് നേടുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ അയര്‍ലണ്ട് ഗോള്‍ മടക്കി മത്സരം സമനിലയിലാക്കി.

43ാം മിനുട്ടില്‍ ജിന്‍ ഗുവോ ആണ് ചൈനയുടെ അക്കൗണ്ട് തുറന്നത്. 44ാം മിനുട്ടില്‍ അലന്‍ സോതേണ്‍ അയര്‍ലണ്ടിനായി ഗോള്‍ നേടി.

ചാമ്പ്യന്മാര്‍ക്ക് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്, ഓസ്ട്രേലിയയ്ക്ക് ഏകപക്ഷീയമായ മൂന്ന് ഗോള്‍ ജയം

ചൈനയോട് സമനില വഴങ്ങിയ ശേഷം ഹോക്കി ലോകകപ്പില്‍ ഇംഗ്ലണ്ടിനു ഓസ്ട്രേലിയയോട് തോല്‍വി. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലെ അവസാന ക്വാര്‍ട്ടറിലാണ് ഇംഗ്ലണ്ടിനെ വല ഓസ്ട്രേലിയ നിറച്ചത്. 47ാം മിനുട്ടില്‍ ജേക്ക് വെട്ടോണ്‍ ആണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ ആദ്യ ഗോള്‍ നേടിയത്.

മൂന്ന് മിനുട്ടുകള്‍ക്കുള്ളില്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ തകര്‍ത്ത് ബ്ലേക്ക് ഗോവേഴ്സ് ഓസ്ട്രേലിയയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 56ാം മിനുട്ടില്‍ കോറെ വെയര്‍ മൂന്നാം ഗോളും നേടി.

രണ്ടാം ജയം സ്വന്തമാക്കി അര്‍ജന്റീന, ന്യൂസിലാണ്ടിനെതിരെ ഏകപക്ഷീയമായ ജയം

പൂള്‍ എ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് രണ്ടാം ജയം. ആദ്യ മത്സരത്തില്‍ സ്പെയിനിനെതിരെ കടന്ന് കൂടിയ ശേഷം ഏകപക്ഷീയമായ ജയമാണ് ഇന്ന് ന്യൂസിലാണ്ടിനെതിരെ ടീം സ്വന്തമാക്കിയത്. 3-0 എന്ന സ്കോറിനായിരുന്നു അര്‍ജന്റീനയുടെ വിജയം. ആദ്യ പകുതിയില്‍ ഒരു ഗോളിനായിരുന്നു ടീം മുന്നില്‍.

23ാം മിനുട്ടില്‍ അഗസ്റ്റിന്‍ മസ്സില്ലി നേടിയ ഗോളിലൂടെ അര്‍ജന്റീന മത്സരത്തില്‍ മുന്നിലെത്തി. 41ാം മിനുട്ടില്‍ ലൂകാസ് വില്ലയും 55ാം മിനുട്ടില്‍ ലൂകാസ് മാര്‍ട്ടിനെസും അര്‍ജന്റീനയ്ക്കായി ഗോള്‍ വല കുലുക്കി.

സമനിലയില്‍ പിരിഞ്ഞ് സ്പെയിനും ഫ്രാന്‍സും

ഹോക്കി ലോകകപ്പിലെ സ്പെയിന്‍ ഫ്രാന്‍സ് മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ നേടിയാണ് മത്സരത്തില്‍ പോയിന്റുകള്‍ പങ്കുവെച്ചത്. ആറാം മിനുട്ടില്‍ സ്പെയിനിനെ ഫ്രാന്‍സ് ഞെട്ടിക്കുകയായിരുന്നു. ടിമോത്തി ക്ലെമന്റ് നേടിയ ഗോളില്‍ ഫ്രാന്‍സ് മത്സരത്തില്‍ ലീഡ് നേടി.

ആദ്യ പകുതിയില്‍ ഈ ഗോളിനു ഫ്രാന്‍സ് ലീഡ് ചെയ്തുവെങ്കിലും ആല്‍വാരോ ഇഗ്ലെസിയാസ് 48ാം മിനുട്ടില്‍ സ്പെയിനിന്റെ ഗോള്‍ മടക്കി മത്സരം സമനിലയിലാക്കുകയായിരുന്നു.

സമനിലയില്‍ പിരിഞ്ഞ് കാനഡയും ദക്ഷിണാഫ്രിക്കയും

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് കാനഡയും ദക്ഷിണാഫ്രിക്കയും. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് മിനുട്ടുകളുടെ വ്യത്യാസത്തില്‍ ഇരു ഗോളുകളും പിറന്നത്. 1-1 എന്ന സ്കോറിനായിരുന്നു മത്സരം അവസാനിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കാണ് മത്സരത്തില്‍ 43ാം മിനുട്ടില്‍ ലീഡ് നേടിയത്. ടുലിയാണ് ഗോള്‍ സ്കോറര്‍. രണ്ട് മിനുട്ടുകള്‍ക്ക് ശേഷം സ്കോട്ട് ടപ്പറിലൂടെ കാനഡ ഗോള്‍ മടക്കി.

ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് ബെല്‍ജിയം, മിനുട്ടുകള്‍ ശേഷിക്കെ സമനില ഗോള്‍

ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയുടെ രണ്ടാം ജയമെന്ന മോഹങ്ങളെ തട്ടിത്തെറിപ്പുിച്ച് ബെല്‍ജിയം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെത്തിയ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ മിനുട്ടുകള്‍ അവശേഷിക്കുമ്പോള്‍ വരെ ലീഡ് ചെയ്ത ശേഷമാണ് സമനിലയില്‍ പിരിഞ്ഞത്. 2-2 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. ബെല്‍ജിയത്തിനായി എട്ടാം മിനുട്ടില്‍ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ് ലീഡ് നേടിക്കൊടുത്ത ശേഷം ഇന്ത്യ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും ഗോള്‍ നേടുവാന്‍ ടീമിനായില്ല. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായ ശേഷണാണ് ഇന്ത്യയുടെ മികച്ച തിരിച്ചുവരവ്.

ഇന്ത്യയ്ക്കായി 39ാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് സമനില ഗോള്‍ കണ്ടെത്തി. എട്ട് മിനുട്ടുകള്‍ക്ക് ശേഷം സിമ്രന്‍ജിത്ത് സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു. മത്സരം അവസാനിക്കുവാന്‍ നാല് മിനുട്ട് മാത്രം അവശേഷിക്കെ ഇന്ത്യന്‍ ഹൃദയങ്ങളെ തകര്‍ത്ത് ബെല്‍ജിയം സമനില ഗോള്‍ കണ്ടെത്തി. സൈമണ്‍ ഗൗഗ്നാര്‍ഡ് ആണ് ഗോള്‍ സ്കോറര്‍.

പാക്കിസ്ഥാനെതിരെ ഏക ഗോളില്‍ കടിച്ച് തൂങ്ങി ജര്‍മ്മനി

പാക്കിസ്ഥാനെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ ജയം സ്വന്തമാക്കി ജര്‍മ്മനി. ഇന്ന നടന്ന രണ്ടാം മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് ജര്‍മ്മനി വിജയ ഗോള്‍ കണ്ടെത്തിയത്. മാര്‍ക്കോ മിള്‍ട്കാവു 36ാം മിനുട്ടില്‍ നേടിയ ഫീല്‍ഡ് ഗോളാണ് ടീമുകള്‍ തമ്മിലുള്ള വ്യത്യാസമായി മാറിയത്.

ഇരു ടീമുകള്‍ക്കും പിന്നീട് ഗോളുകള്‍ കണ്ടെത്താനാകാതെ പോയപ്പോള്‍ മത്സരം 1-0 എന്ന സ്കോര്‍ ലൈനില്‍ അവസാനിച്ചു.

മലേഷ്യയെ ഗോള്‍ മഴയില്‍ മുക്കി നെതര്‍ലാണ്ട്സ്

ഹോക്കി ലോകകപ്പില്‍ മലേഷ്യയെ ഗോളില്‍ മുക്കി നെതര്‍തലാണ്ട്സ്. ഏകപക്ഷീയമായ മത്സരത്തില്‍ 7-0 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ജിയോറെന്‍ ഹെര്‍ട്ബര്‍ഗറുടെ ഹാട്രിക്കിന്റെ മികവിലാണ് നെതര്‍ലാണ്ട്സിന്റെ തകര്‍പ്പന്‍ ജയം. ആദ്യ പകുതിയില്‍ 3-0നു ആയിരുന്നു വിജയികള്‍. 11ാം മിനുട്ടില്‍ ഹെര്‍ട്ബര്‍ഗറിലൂടെ ഗോള്‍ വേട്ടയാരംഭിച്ച നെതര്‍ലാണ്ട്സിനു വേണ്ടി മിര്‍കോ പ്രുയിജ്സര്‍, മിങ്ക് വാന്‍ ഡെര്‍ വീര്‍ഡെന്‍, റോബെര്‍ട് കെംപെര്‍മാന്‍, തിയറി ബ്രിങ്ക്മാന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

29, 60 മിനുട്ടുകളില്‍ നേടിയ ഗോളുകളിലൂടെ ജിയോറെന്‍ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ചൈന, ലോകകപ്പിലെ അരങ്ങേറ്റക്കാര്‍ സമനില നേടിയത് ഒരു മിനുട്ട് ശേഷിക്കെ

ഇംഗ്ലണ്ടിന്റെ വിജയ പ്രതീക്ഷകളെ തട്ടിത്തെറിപ്പിച്ച് ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച ചൈന. അവസാന മിനുട്ടില്‍ സമനില ഗോള്‍ നേടിയാണ് ചൈന ഇംഗ്ലണ്ടിന്റെ മൂന്ന് പോയിന്റെന്ന സ്വപ്നങ്ങളെ ഛിന്നഭിന്നമാക്കിയത്. ഇംഗ്ലണ്ട് 2-1നു മത്സരം വിജയിക്കുമെന്ന് കരുതപ്പെട്ട നിമിഷത്തിലാണ് ഡു ടാലേക്ക് ചൈനയുടെ സമനില ഗോള്‍ നേടി മത്സരം 2-2ല്‍ അവസാനിപ്പിച്ചത്.

മത്സരത്തിന്റെ 5ാം മിനുട്ടില്‍ ചൈന ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ലീഡ് നേടിയിരുന്നു. സിയാവോപിംഗ് ഗുവോയാണ് ഗോള്‍ സ്കോറര്‍. 14ാം മിനുട്ടില്‍ മാര്‍ക്ക് നേടിയ ഗോളിലൂടെ സമനില കണ്ടെത്തിയ ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ ചൈനയ്ക്കൊപ്പം ഓരോ ഗോള്‍ നേടി നിന്നു. 48ാം മിനുട്ടില്‍ ലിയാം ആന്‍സെല്‍ ഇംഗ്ലണ്ടിനു മത്സരത്തില്‍ ആദ്യമായി ലീഡ് നേടിക്കൊടുത്തു. ലീഡില്‍ കടിച്ച് തൂങ്ങി മൂന്ന് പോയിന്റ് ഇംഗ്ലണ്ട് സ്വന്തമാക്കുമെന്ന് കരുതിയപ്പോളാണ് ചൈനയുടെ ഗോള്‍ പിറന്നത്.

അയര്‍ലണ്ടിനെ മറികടന്ന് ഓസ്ട്രേലിയ

അയര്‍ലണ്ടിനെതിരെ കടന്ന് കൂടി ഓസ്ട്രേലിയ. തങ്ങളുടെ ആദ്യ മത്സരത്തില്‍ 2-1 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. 11ാം മിനുട്ടില്‍ ബ്ലേക്ക് ഗോവേഴ്സ് പെനാള്‍ട്ടി കോര്‍ണറിലൂടെ ഓസ്ട്രേലിയയെ ലീഡിലേക്ക് നയിച്ചുവെങ്കിലും രണ്ട് മിനുട്ടുകള്‍ക്ക് ശേഷം ഷെയിനിലൂടെ അയര്‍ലണ്ട് സമനില ഗോള്‍ കണ്ടെത്തി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ടീമുകള്‍ 1-1 എന്ന സ്കോറിനു സമനില പാലിയ്ക്കുകയായിരുന്നു.

34ാം മിനുട്ടില്‍ ടിം ബ്രാന്‍ഡ് ഓസ്ട്രേലിയെ വീണ്ടും മുന്നിലെത്തിച്ചു. തുടര്‍ന്ന് ഗോളുകള്‍ മത്സരത്തില്‍ പിറക്കാതിരുന്നപ്പോള്‍ 2-1ന്റെ ആനുകൂല്യത്തില്‍ മത്സരം ഓസ്ട്രേലിയ സ്വന്തമാക്കി.

ന്യൂസിലാണ്ടിനു ഫ്രാന്‍സിനെതിരെ മികച്ച ജയം

പൂള്‍ എ യില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ വിജയികളായി ന്യൂസിലാണ്ട്. ഫ്രാന്‍സിനെതിരെ മത്സരത്തില്‍ 2-0നു ജയിക്കേണ്ടിയിരുന്ന ന്യൂസിലാണ്ട് അവസാന മിനുട്ടിലാണ് ഒരു ഗോള്‍ വഴങ്ങിയത്. അതോടെ 2-1 എന്ന മാര്‍ജിനിലായി ന്യൂസിലാണ്ടിന്റെ ജയം. ഗോള്‍രഹിത ആദ്യ ക്വാര്‍ട്ടറിനു ശേഷം 16ാം മിനുട്ടില്‍ കെയിന്‍ റസ്സലിലൂടെ ന്യൂസിലാണ്ട് ലീഡ് നേടി. ആദ്യ പകുതിയില്‍ 1-0നു ന്യൂസിലാണ്ടായിരുന്നു മുന്നില്‍.

രണ്ടാം പകുതിയിലും ഏറെ സമയം ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാനാകാതെ മത്സരം നീങ്ങിയപ്പോള്‍ 56ാം മിനുട്ടില്‍ സ്റ്റീഫന്‍ ജെന്നെസ്സ് ന്യൂസിലാണ്ടിനെ 2-0 ലീഡിലേക്ക് നയിച്ചു. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ വിക്ടര്‍ ചാര്‍ലെറ്റ് ഫ്രാന്‍സിനായി പെനാള്‍ട്ടി കോര്‍ണറിലൂടെ ആശ്വാസ ഗോള്‍ നേടി. ന്യൂസിലാണ്ടിന്റെ രണ്ട് ഗോളുകളും ഫീല്‍ഡ് ഗോളുകളായിരുന്നു.

ത്രില്ലറില്‍ അര്‍ജന്റീനയ്ക്ക് ജയം, കീഴടക്കിയത് സ്പെയിനിനെ

ഏഴ് ഗോള്‍ പിറന്ന ത്രില്ലര്‍ മത്സരത്തില്‍ വിജയികളായി അര്‍ജന്റീന. സ്പെയിനിനെ 4-3 എന്ന സ്കോറിനാണ് ലാറ്റിനമേരിക്കന്‍ ടീം കീഴടക്കിയത്. പൂള്‍ എ യിലെ മത്സരത്തില്‍ മൂന്നാം മിനുട്ടില്‍ സ്പെയിനാമ് ലീഡ് നേടിയതെങ്കിലും തൊട്ടടുത്ത മിനുട്ടില്‍ അര്‍ജന്റീന മറുപടി ഗോള്‍ നേടി. സ്പെയിനിനായി എന്‍റിക്കേ ഗാണ്‍സാലെസും അര്‍ജന്റീനയ്ക്കായി അഗസ്റ്റിന്‍ മാസ്സില്ലിയുമായിരുന്നു ഗോള്‍ സ്കോറര്‍മാര്‍.

14ാം മിനുട്ടില്‍ രണ്ടാം തവണയും സ്പെയിന്‍ മത്സരത്തില്‍ ലീഡ് നേടി. ജോസെപ് റോമെയു ആണ് സ്പെയിനിനായി അര്‍ജന്റീനയുടെ വല കുലുക്കിയത്. തൊട്ടടുത്ത മിനുട്ടില്‍ അഗസ്റ്റിന്‍ മാസ്സില്ലിയിലൂടെ അര്‍ജന്റീന സമനില ഗോള്‍ കണ്ടെത്തി. ഗൊണ്‍സാലോ പെയിലാട്ട് മത്സരത്തില്‍ ആദ്യമായി അര്‍ജന്റീനയെ അധികം വൈകാതെ മുന്നിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 3-2നു അര്‍ജന്റീന മുന്നിട്ട് നിന്നു.

രണ്ടാം പകുതി ആരംഭിച്ച് ഏറെ വൈകാതെ തന്നെ സ്പെയിന്‍ വിസെന്‍സ് റൂയിസിലൂടെ വീണ്ടും മത്സരത്തില്‍ ഒപ്പമെത്തി. മത്സരത്തിന്റെ 49ാം മിനുട്ടില്‍ ഗൊണ്‍സാലോയിലൂടെ അര്‍ജന്റീന വീണ്ടും ലീഡ് നേടി മത്സരവും സ്വന്തമാക്കി.

Exit mobile version