സമനിലയിലൂടെ ക്രോസ് ഓവര്‍ മത്സരത്തിനു യോഗ്യത നേടി ഇന്ത്യ

വനിത ഹോക്കി ലോകകപ്പില്‍ ഇന്ന് നടന്ന നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. യുഎസ്എയോട് പിന്നില്‍ പോയ ശേഷം രണ്ടാം പകുതിയില്‍ ഗോള്‍ നേടിയാണ് ഇന്ത്യ സമനില നേടിയത്. ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി ഇന്ത്യ ക്രോസ് ഓവര്‍ മത്സരത്തിനു യോഗ്യത നേടിയിട്ടുണ്ട്. അതേ സമയം ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായ യുഎസ്എ പുറത്തായി. അടുത്ത മത്സരത്തില്‍ അയര്‍ലണ്ട് ഇംഗ്ലണ്ടിനെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ ഗോള്‍ ശരാശരിയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനത്തേക്ക് ഉയരാം.

പതിനൊന്നാം മിനുട്ടില്‍ മാര്‍ഗൗക്സ് പോളിനോ ആണ് യുഎസ്എ മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ 1-0ന്റെ ലീഡ് യുഎസ്എ കരസ്ഥമാക്കിയെങ്കിലും രണ്ടാം പകുതി തുടങ്ങി ഒരു മിനുട്ട് പിന്നിട്ടപ്പോള്‍ റാണി രാംപാല്‍ ഇന്ത്യയുടെ സമനില ഗോള്‍ നേടിക്കൊടുക്കുകയായിരുന്നു. അവസാന മിനുട്ടുകളില്‍ ലീഡ് നേടുവാന്‍ യുഎസ്എ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും ഇന്ത്യന്‍ പ്രതിരോധ നിര അവസരത്തിനൊത്തുയര്‍ന്ന് ഇന്ത്യയുടെ രക്ഷയ്ക്കെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial