
ജപ്പാനെ തകര്‍ത്ത് അമേരിക്കയും അയര്‍ലണ്ടിന്റെ ചെറുത്ത്നില്പിനെ മറികടന്ന് അര്‍ജന്റീനയും ഹോക്കി വേള്‍ഡ് ലീഗ് വനിത വിഭാഗം സെമിയില്‍ പ്രവേശിച്ചു. ഇന്ന് ജോഹാന്നസ്ബര്‍ഗില്‍ നടന്ന മത്സരങ്ങളില്‍ ഇരു ടീമുകളും ഒരു ഗോള്‍ മാര്‍ജിനിലാണ് വിജയം സ്വന്തമാക്കിയത്.
ഇന്ന് നടന്ന ആദ്യ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അമേരിക്ക ജപ്പാനെ പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് ക്വാര്‍ട്ടറുകളില്‍ ഗോളുകള്‍ പിറക്കാതിരുന്ന മത്സരത്തില്‍ 42ാം മിനുട്ടിലാണ് ജപ്പാന് വല അമേരിക്ക ചലിപ്പിച്ചത്. മിഷേല്‍ വിറ്റെസേ ആണ് സെമി സ്ഥാനം അമേരിക്കയ്ക്കുറപ്പിച്ചത്.
രണ്ടാം ക്വാര്‍ട്ടറില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട മത്സരത്തില്‍ അയര്‍ലണ്ടിനെതിരെ 2-1 സ്കോര്‍ ലൈനിലാണ് അര്‍ജന്റീന വിജയം സ്വന്തമാക്കിയത്. ഡെല്‍ഫീന മെറീനോ, ജൂലിയ ഗോമസ് എന്നിവരിലൂടെ ലീഡ് നേടിയ അര്‍ജന്റീനയ്ക്കെതിരെ 43ാം മിനുട്ടില്‍ അയര്‍ലണ്ട് ഗോള്‍ മടക്കി. പിന്നീട് ഗോള്‍ നേടുവാനുള്ള അയര്‍ലണ്ട് ശ്രമങ്ങളെ ചെറുത്ത് തോല്പിക്കുവാന് അര്ജന്റീനയ്ക്കായപ്പോള് രണ്ടാം സെമി ബെര്‍ത്ത് ലാറ്റിന്‍ അമേരിക്കന്‍ ശക്തികള്‍ ഉറപ്പാക്കി. റോയിസിന് അപ്ടണ് ആണ് അയര്‍ലണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial