
ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം സെമി ലൈനപ്പ് പൂര്‍ത്തിയാക്കി സ്പെയിനും ജര്‍മ്മനിയും. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ അയര്‍ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിന് സെമിയില്‍ കടന്നത്. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജര്‍മ്മനി ഫ്രാന്‍സിനെ 4-1 നു കീഴടക്കുകയായിരുന്നു.
ഗോള്‍രഹിത ആദ്യ പകുതിയ്ക്ക് ശേഷം മൂന്നാം ക്വാര്‍ട്ടറില്‍ 39ാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. സ്പെയിനിന്റെ റിക്കോര്‍ഡോ സാഞ്ചെസ് ആയിരുന്നു ഗോള്‍ സ്കോറര്‍. അഞ്ച് മിനുട്ടുകള്‍ക്കകം അലന് സോതേണിലൂടെ അയര്‍ലണ്ട് സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ തന്നെ സ്പെയിന് ലീഡ് നേടുകയായിരുന്നു. അല്‍വാരോ ഇഗ്ലേസിയസ് ആണ് വിജയ ഗോള്‍ സ്വന്തമാക്കിയത്.
ഫ്രാന്‍സിനെതിരെ ജര്‍മ്മനി ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. നാല് ഗോള്‍ നേടി ഏകപക്ഷീയമായ വിജയത്തിലേക്ക് കുതിക്കുയായിരുന്ന ജര്‍മ്മനിയ്ക്കെതിരെ മത്സരത്തിന്റെ അവസാന മിനുട്ടിലാണ് ഫ്രാന്‍സിനു ഗോള്‍ മടക്കാനായത്. ടിം ഹെര്സ്ബ്രുഷ് രണ്ട് ഗോളും, ടോം ഗ്രാംബുഷ്, മാര്‍ക്കോ മില്ടകാവു എന്നിവര്‍ ഓരോ ഗോളുകളും ജര്‍മ്മനിയ്ക്കായി നേടിയപ്പോള്‍ നിക്കോളാസ് ഡ്യൂമോണ്ട് ആണ് ഫ്രാന്‍സിന്റെ ആശ്വാസ ഗോള്‍ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial