
സാന്റിയാഗോയില്‍ നടക്കുന്ന ജൂനിയര്‍ വനിത ഹോക്കി ലോകകപ്പില്‍ ഇന്ന് അര്‍ജന്റീനയ്ക്ക് എതിരാളികള്‍ ഓസ്ട്രേലിയ. രണ്ടാം സെമിയില്‍ സ്പെയിനിനെ നെതര്‍ലാണ്ട്സ് നേരിടും. മികച്ച വിജയങ്ങള്‍ നേടിയാണ് നാല് ടീമുകളും സെമിയിലേക്ക് കടന്നത്. ടൂര്‍ണ്ണമെന്റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് അര്‍ജന്റീനയും നെതര്‍ലാണ്ട്സും സെമിയില്‍ പ്രവേശിച്ചത്. ആദ്യ മത്സരത്തില്‍ ചൈനയോട് സമനില പിണഞ്ഞ ശേഷമാണ് സ്പെയിന് മികച്ച വിജയങ്ങളിലൂടെ സെമി പ്രവേശനം ഉറപ്പാക്കിയത്. ഓസ്ട്രേലിയയും ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടുമായി സമനിലയില്‍ പിരിഞ്ഞിരുന്നു.
ഇന്നലെ നടന്ന 9-16 വരെയുള്ള സ്ഥാന നിര്‍ണ്ണയ മത്സരങ്ങളില്‍ ന്യൂസിലാണ്ട് ഏകപക്ഷീയമായ 16 ഗോളുകള്‍ക്ക് സിംബാബ്വയെ തകര്‍ത്തു. ഫ്രാന്‍സ് – ദക്ഷിണാഫ്രിക്ക മത്സരം നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചെങ്കിലും ടൈബ്രേക്കറില്‍ 3-1 നു ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കി. ചൈന കൊറിയയെ ഒരു ഗോളിനും ജപ്പാന് ചിലിയെ 6-1 നും തോല്‍പ്പിച്ചു.
ഇന്ന് നടക്കുന്ന 5-8 സ്ഥാനങ്ങള്‍ക്കായുള്ള മത്സരത്തില്‍ അമേരിക്ക ബെല്‍ജിയത്തെയും ജര്‍മ്മനി ഇംഗ്ലണ്ടിനെയും നേരിടും.
നാളെ 9ാം സ്ഥാനത്തിനായി ചൈനയും ജപ്പാനും ഏറ്റുമുട്ടുമ്പോള്‍ 11ാം സ്ഥാനത്തിനായി കൊറിയയെ ആതിഥേയരായ ചിലി നേരിടും. 13ാം സ്ഥാന പോരാട്ടം ന്യൂസിലാണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ്. 15ാം സ്ഥാനത്തിനായി ഫ്രാന്‍സ് – സിംബാബ്വയെ നേരിടും.