ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍, ഇന്ത്യയ്ക്ക് എതിരാളി മലേഷ്യ

വേള്‍ഡ് ഹോക്കി ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചിരിക്കുന്നു. രണ്ട് ഗ്രൂപ്പുകളായി തരം തിരിച്ച് പത്ത് ടീമുകള്‍ പോരാടിയ ടൂര്‍ണ്ണമെന്റില്‍ ഇരു ഗ്രൂപ്പിലെയും ആദ്യ നാല് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് കടന്നിട്ടുണ്ട്. ഗ്രൂപ്പ് എ യില്‍ നിന്ന് കൊറിയയും ഗ്രൂപ്പ് ബിയില്‍ നിന്ന് സ്കോട്‍ലാന്‍ഡുമാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാത്ത രണ്ട് ടീമുകള്‍. ഇരുവരും തമ്മില്‍ നാളെ 9ാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഏറ്റുമുട്ടും.

ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ നാളെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന പാക്കിസ്ഥാനെ നേരിടും. ഗ്രൂപ്പ് എയില്‍ 10 പോയിന്റുമായി ഒന്നാം സ്ഥാനത്ത് അര്‍ജന്റീന എത്തിയപ്പോള്‍ പാക്കിസ്ഥാന്‍ ഗ്രൂപ്പ് ബിയില്‍ നാലാം സ്ഥാനക്കാരായിരുന്നു. ടൂര്‍ണ്ണമെന്റില്‍ 18 ഗോളുകളാണ് പാക്കിസ്ഥാന്‍ ഇതുവരെ നേടിയിട്ടുള്ളത്. പാക്കിസ്ഥാന് അര്‍ജന്റീനയെ മറികടക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.

രണ്ടാം മത്സരത്തില്‍ ഇന്ത്യ മലേഷ്യയെ നേരിടും. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ എത്തിയത്. നെതര്‍ലാന്‍ഡ്സുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് പരാജയം നേരിടേണ്ടി വന്നത്. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരാണ് മലേഷ്യ. ഗ്രൂപ്പിലെ അവസാന മത്സരങ്ങളില്‍ മികച്ച ടീമായി തങ്ങളുടെ പ്രകടനം ഉയര്‍ത്തിയാണ് മലേഷ്യ എത്തുന്നത്.

മറ്റു മത്സരങ്ങളില്‍ നെതര്‍ലാന്‍ഡ്സ് ചൈനയെയും ഇംഗ്ലണ്ട് കാനഡയെയും നേരിടും. ഗ്രൂപ്പ് ബി ചാമ്പ്യന്മാരാണ് നെതര്‍ലാന്‍ഡ്സ് ചൈനയ്ക്കാകട്ടെ ടൂര്‍ണ്ണമെന്റില്‍ കൊറിയയ്ക്കെതിരെ മാത്രമാണ് വിജയം സ്വന്തമാക്കാനായത്. പാക്കിസ്ഥാനെ 6-0 നു തകര്‍ത്താണ് കാനഡ തുടങ്ങിയത്. എന്നാല്‍ സ്കോട്‍ലാന്‍ഡുമായി സമനില വഴങ്ങേണ്ടി വന്നത് ഗ്രൂപ്പില്‍ ഉയര്‍ന്ന സ്ഥാനം ലഭിയ്ക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞു. ഇന്ത്യയോടും നെതര്‍ലാന്‍ഡ്സുമായി തോറ്റ് മൂന്നാം സ്ഥാനക്കാരായാണ് അവര്‍ ക്വാര്‍ട്ടറിനു യോഗ്യത നേടിയത്. ഇംഗ്ലണ്ടാകട്ടെ അര്‍ജന്റീനയ്ക്കൊപ്പം തുല്യമായ പോയിന്റുണ്ടായിട്ടും ഗോള്‍ വ്യത്യാസത്തിലാണ്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. തീപാറുന്ന പോരാട്ടം പ്രതീക്ഷിക്കാമെങ്കിലും ഇംഗ്ലണ്ടിനു തന്നെയാണ് മുന്‍കൈ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇനി ഐ ലീഗിലും ഐ എസ്‌ എല്ലിലും തുല്യമായി വിദേശ താരങ്ങൾ
Next articleറഷ്യൻ മണ്ണിൽ ഇന്ന് പോർച്ചുഗലിന് ജയിച്ചേ തീരൂ