ജൂനിയര്‍ വനിത ഹോക്കി ലോകകപ്പ്: ക്വാര്‍ട്ടര്‍ ലൈനപ്പ് തയ്യാര്‍

- Advertisement -

സാന്റിയാഗോയില്‍ നടക്കുന്ന ജൂനിയര്‍ വനിത ഹോക്കി ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ അവസാന ദിവസങ്ങളില്‍ കൂറ്റന്‍ വിജയങ്ങളുമായി നെതര്‍ലാണ്ട്സും അര്‍ജന്റീനയും.

നാലാം ദിവസം ടൂര്‍ണ്ണമെന്റിലെ തന്നെ കൂറ്റന്‍ വിജയവുമായാണ് നെതര്‍ലാണ്ട്സ് തുടങ്ങിയത്. സിംബാബ്‍വേയെ ഏകപക്ഷീയമായ 13 ഗോളുകള്‍ക്കാണ് അവര്‍ തകര്‍ത്തത്. പൂള്‍ എയിലെ തന്നെ മറ്റൊരു മത്സരത്തില്‍ അമേരിക്ക കൊറിയയെ 3-2 എന്ന സ്കോറിനു തകര്‍ത്തു. പൂള്‍ എയില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതര്‍ലാണ്ട്സും രണ്ടാം സ്ഥാനക്കാരായി അമേരിക്കയും യോഗ്യത നേടി.

അന്നേ ദിവസം നടന്ന പൂള്‍ ഡി മത്സരത്തില്‍ ബെല്‍ജിയം-ചൈന മത്സരം സമനിലയില്‍ (2-2) അവസാനിച്ചു. ചൈന ടൂര്‍ണ്ണമെന്റില്‍ കളിച്ച എല്ലാ മത്സരത്തിലും സമനിലയില്‍ അവസാനിക്കുകയായിരുന്നു. പൂള്‍ ഡിയിലെ മറ്റൊരു മത്സരത്തില്‍ എതിരില്ലാതെ നാല് ഗോളുകള്‍ക്ക് ന്യൂസിലാണ്ടിനെ തകര്‍ത്ത് സ്പെയിന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി രണ്ടാം സ്ഥാനക്കാരായി ബെല്‍ജിയവും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

ടൂര്‍ണ്ണമെന്റിന്റെ അഞ്ചാം ദിവസം വാശിയേറിയ പൂള്‍ സിയിലെ ഇംഗ്ലണ്ട് -ദക്ഷിണാഫ്രിക്ക മത്സരത്തോടു കൂടിയാണ് ആരംഭിച്ചത്. മത്സരം 3-3 സമനിലയില്‍ അവസാനിക്കുകയായിരുന്നു. പൂള്‍ സിയിലെ മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ചിലിയെ ഓസ്ട്രേലിയ 2-1 നു തകര്‍ത്തു. ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഗ്രൂപ്പില്‍ നിന്ന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. പൂള്‍ ബി മത്സരങ്ങളി‍ല്‍ അര്‍ജന്റീന 8-0 നു ഫ്രാന്‍സിനെ തകര്‍ത്തപ്പോള്‍ ജര്‍മ്മനി ജപ്പാനെ 2-0 നു പരാജയപ്പെടുത്തി. ഗ്രൂപ്പ് ചാമ്പ്യന്മാരായി അര്‍ജന്റീനയും രണ്ടാം സ്ഥാനക്കാരായി ജര്‍മ്മനിയും ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു.

നവംബര്‍ 30നു നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ നെതര്‍ലാണ്ട്സ് – ജര്‍മ്മനിയെയും സ്പെയിന്‍ ഇംഗ്ലണ്ടിനെയും നേരിടും. അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ എതിരാളികള്‍ അമേരിക്കയും ഓസ്ട്രേലിയ ബെല്‍ജിയത്തെയും നേരിടും.

Advertisement