
ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം സ്ഥാന നിര്‍ണ്ണയ മത്സരങ്ങളില്‍ ജയം സ്വന്തമാക്കി ന്യൂസിലാണ്ടും, അയര്‍ലണ്ടും, ദക്ഷിണാഫ്രിക്കയും. ഇന്നലെ ജപ്പാനുമായി നടന്ന 9ാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക 4-2 നു ജയം നേടി. രണ്ട് വട്ടം ലീഡ് നേടിയെങ്കിലും ദക്ഷിണാഫ്രിക്കയെ ജപ്പാന് വീണ്ടും സമനിലയില്‍ തളച്ചുവെങ്കിലും അവസാന മിനുട്ടുകളില്‍ നേടിയ രണ്ട് ഗോളുകളിലൂടെ ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി. ഓസ്റ്റിന്‍ സ്മിത്ത്(2), ജോനാഥന് റോബിന്‍സണ്‍, ഡയാന് കാസിയം എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ഗോള്‍ സ്കോറര്‍. കോജി യമാസാകി, ജെന്‍കി മിതാനി എന്നിവരാണ് ജപ്പാനു വേണ്ടി ഗോള്‍ നേടിയത്.
ഈജിപ്റ്റിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ന്യൂസിലാണ്ട് അഞ്ചാം സ്ഥാന മത്സരത്തിനായി യോഗ്യത നേടിയത്. നിക് ഹൈഗ്, കെയിന്‍ റസ്സല്‍ എന്നിവരാണ് ന്യൂസിലാണ്ടിനായി വല ചലിപ്പിച്ചത്.
ആവേശകരമായ മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സും അയര്‍ലണ്ടും മുഴുവന്‍ സമയത്ത് 1-1 സമനില പാലിക്കുകയായിരുന്നു. അഞ്ചാം മിനുട്ടില്‍ ഹ്യൂഗോ ഫ്രാന്‍സിനായി ലീഡ് നേടിയപ്പോള്‍ 42ാം മിനുട്ടില്‍ ഷെയിന്‍ അയര്‍ലണ്ടിനായി സമനില കണ്ടെത്തി. ഷൂട്ടൗട്ടില്‍ അയര്‍ലണ്ട് 4-3 നു വിജയം കൈവരിച്ചു.
അഞ്ചാം സ്ഥാനത്തിനായി അയര്‍ലണ്ടും ന്യൂസിലാണ്ടും ഏറ്റുമുട്ടുമ്പോള്‍ ഏഴാം സ്ഥാനത്തിനായി ഫ്രാന്‍സും ഈജിപ്റ്റും കൊമ്പുകോര്‍ക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial