പിന്നില്‍ നിന്ന് ജയിച്ച് കയറി ഇന്ത്യ, മന്‍പ്രീതിനു രണ്ട് ഗോള്‍

ഇന്ത്യന്‍ ഹോക്കി ടീമിന്റെ യൂറോപ്യന്‍ ടൂറിന്റെ ഭാഗമായുള്ള ഹോക്കി മത്സരങ്ങളിലെ മൂന്നാം മത്സരത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളിലും ബെല്‍ജിയത്തോട് പരാജയപ്പെട്ട ശേഷമാണ് ഇന്ത്യ നെതര്‍ലാണ്ട്സിലേക്ക് വണ്ടി കയറിയത്. അവിടെ നടന്ന മത്സരത്തില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് 4-3 എന്ന സ്കോറിനു ഇന്ത്യ അത്യന്തം ആവേശകരമായ മത്സരത്തില്‍ വിജയം സ്വന്തമാക്കിയത്.

ലോക നാലാം നമ്പര്‍ ടീമായ നെതര്‍ലാണ്ട്സിനെതിരെയുള്ള വിജയത്തില്‍ ഇന്ത്യയുടെ മന്‍പ്രീത് സിംഗ് രണ്ട് നിര്‍ണ്ണായക ഗോളുകളാണ് നേടിയത്. നെതര്‍ലാണ്ട്സാണ് മത്സരത്തില്‍ ആദ്യം ലീഡ് നേടിയത്. ഏറെ വൈകാതെ വരുണ്‍ കുമാറിലൂടെ ഇന്ത്യ സമനില പിടിച്ചു. 30, 44 മിനുട്ടുകളില്‍ മന്‍പ്രീത് സിംഗ് നേടിയ ഗോളുകളുടെയും 49ാം മിനുട്ടില്‍ ഹര്‍ജീത് സിംഗും നെതര്‍ലാണ്ട്സ് ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ മത്സരത്തില്‍ ഇന്ത്യ 4-1 ന്റെ ലീഡ് സ്വന്തമാക്കി.
അവസാന മിനുട്ടുകളില്‍ രണ്ട് ഗോളുകള്‍ നേടാനായെങ്കിലും വിജയം സ്വന്തമാക്കാന്‍ ആതിഥേയര്‍ക്കായില്ല. നാളെയാണ് നെതര്‍ലാണ്ട്സുമായി ഇന്ത്യയുടെ രണ്ടാം മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial