
മലേഷ്യയില്‍ ഇന്നാരംഭിച്ച സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരും ഒളിമ്പിക്സ് ജേതാക്കളുമായ അര്‍ജന്റീനയോട് 2-3 എന്ന സ്കോറിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. നാലാം ക്വാര്‍ട്ടറില്‍ പ്രതികൂല സാഹചര്യം മൂലം ഏറെ നേരം കളിതടസ്സപ്പെട്ടിരുന്നു. അതിനു ശേഷം മത്സരം പുനരാരംഭിച്ചപ്പോളും ഗോള്‍ നേടുവാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ പോയപ്പോള്‍ മത്സരം 3-2 എന്ന സ്കോറില്‍ അര്‍ജന്റീന സ്വന്തമാക്കി.
13ാം മിനുട്ടില്‍ ഗോണ്‍സാലോ പെയിലാട്ട് ആണ് അര്‍ജന്റീനയുടെ സ്കോറിംഗ് ആരംഭിച്ചത്. 24ാം മിനുട്ടില്‍ ഗോണ്‍സാലോ തന്റെയും അര്‍ജന്റീനയുടെയും രണ്ടാമത്തെ ഗോള്‍ നേടി. നിമിഷങ്ങള്‍ക്കകം പെനാള്‍ട്ടി കോര്‍ണറിലൂടെ അമിത് രോഹിദാസ് ഇന്ത്യയുടെ മറുപടി ഗോള്‍ നേടി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 1-2 നു ഇന്ത്യ പിന്നിലായിരുന്നു.
മൂന്നാം ക്വാര്‍ട്ടര്‍ തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ രോഹിദാസ് നേടിയ ഗോളിലൂടെ ഇന്ത്യ അര്‍ജന്റീനയ്ക്കൊപ്പമെത്തി. എന്നാല്‍ മിനുട്ടുകള്‍ക്കകം തന്റെ ഹാട്രിക്ക് നേട്ടവുമായി ഗോണ്‍സാലോ പെയിലാട്ട് അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial