ഇന്ത്യ ക്വാര്‍ട്ടറിലേക്ക് , നെതര്‍ലാണ്ട്സിനും ബെല്‍ജിയത്തിനും വിജയം

COPYRIGHT KOEN SUYK

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പ് ദക്ഷിണാഫ്രിക്കയെ 2-1 നു പരാജയപ്പെടുത്തി ഇന്ത്യ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. മറ്റു മത്സരങ്ങളില്‍ ഓസ്ട്രേലിയ, അര്‍ജന്റീന, നെതര്‍ലാണ്ട്സ്, ബെല്‍ജിയം എന്നീ ടീമുകളും വിജയം സ്വന്തമാക്കി.

പൂള്‍ ഡിയിലെ ജേതാക്കളായാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. 11ാം മിനുട്ടില്‍ ഹര്‍ജീത് സിംഗിലൂടെ ലീഡ് നേടിയ ഇന്ത്യയ്ക്ക് പക്ഷേ ആദ്യ പകുതിയില്‍ തന്നെ സമനില വഴങ്ങേണ്ടി വന്നു. 28ാം മിനുട്ടില്‍ കൈല്‍ ലയണ്‍-കാഷെറ്റ് നേടിയ പെനാള്‍ട്ടി കോര്‍ണര്‍ ഗോളിലൂടെ ദക്ഷിണാഫ്രിക്ക സമനില നേടി. ഇന്ത്യ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി വരുമ്പോള്‍ കളിയുടെ ഗതിയ്ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ 55ാം മിനുട്ടില്‍ മന്ദീപ് സിംഗ് നേടിയ മികച്ചൊരു ഫീല്‍ഡ് ഗോളിലൂടെയാണ് ഇന്ത്യ ടൂര്‍ണ്ണമെന്റിലെ അപരാജിത ജൈത്രയാത്ര തുടര്‍ന്നത്.

ഇന്ന് നടന്ന പൂള്‍ എ മത്സരങ്ങളില്‍ ഓസ്ട്രിയയെ 4-2 നു തകര്‍ത്തു ഓസ്ട്രേലിയ ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കി. ജോഷ്വ സൈമണ്ട്സ്, ലാച്‍ലാന്‍ ഷാര്‍പ്, ബ്ലേക്ക് ഗോവേഴ്സ്, ജാക് വെല്‍ഷ് എന്നിവര്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ ഫ്രാന്‍സ് ലിന്‍ഡെര്‍ഗ്രുന്‍, ഫിലിപ്പ് ഷിപ്പന്‍ എന്നിവര്‍ ഓസ്ട്രിയയ്ക്ക് വേണ്ടി സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. നാളെ നടക്കുന്ന കൊറിയയുമായുള്ള മത്സരം പരാജയപ്പെട്ടാല്‍ പോലും പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനം ഓസ്ട്രേലിയയ്ക്ക് തന്നെയായിരിക്കും.

പൂള്‍ എയില്‍ നിന്ന് അര്‍ജന്റീനയാണ് ഓസ്ട്രേലിയയോടൊപ്പം ക്വാര്‍ട്ടറില്‍ കടന്നത്. കൊറിയയെ 5-1 നു തകര്‍ത്താണ് അര്‍ജന്റീന വിജയം കൊയ്തത്. 2, 12, 14, 29, 50 മിനുട്ടുകളിലാണ് അര്‍ജന്റീനന്‍ താരങ്ങളായ മാര്‍ടിന്‍ ഫെറൈരോ, തോമസ് ഡോമെനേ, തോമസ് ഹബിഫ്, നികോളസ് കീനന്‍(2 ഗോളുകള്‍) എന്നിവരാണ് സ്കോര്‍ ചെയ്തത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ അര്‍ജന്റീന 4-0 നു ലീഡ് ചെയ്യുകയായിരുന്നു. 41ാം മിനുട്ടില്‍ ജൂഹന്‍ പാര്‍ക്ക് ആണ് കൊറിയയുടെ ആശ്വാസ ഗോള്‍ നേടിയത്.

പൂള്‍ ബി മത്സരങ്ങളില്‍ ഈജിപ്റ്റിനെ 7-0 നു തകര്‍ത്ത് നെതര്‍ലാണ്ട്സും മലേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബെല്‍ജിയവും ക്വാര്‍ട്ടര്‍ യോഗ്യത നേടി. ഗ്രൂപ്പ് ചാമ്പ്യന്മാരായി ബെല്‍ജിയവും (9 പോയിന്റുകള്‍) രണ്ടാം സ്ഥാനക്കാരായി നെതര്‍ലാണ്ട്സും (6 പോയിന്റുകള്‍) ക്വാര്‍ട്ടറിലേക്ക് കടക്കുകയായിരുന്നു.

COPYRIGHT KOEN SUYK