ഓസ്ട്രേലിയയോടും തോല്‍വി, ഇന്ത്യ അഞ്ചാം സ്ഥാനത്ത്

അര്‍ജന്റീനയോട് തോല്‍വിയും ഇംഗ്ലണ്ടിനോടുള്ള സമനിലയ്ക്കും ശേഷം വീണ്ട് സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പില്‍ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 3.30നു നടന്ന മത്സരത്തില്‍ 2-4 എന്ന സ്കോറിനാണ് ഇന്ത്യന്‍ പരാജയം. അവസാന ക്വാര്‍ട്ടറില്‍ രമണ്‍ദീപ് സിംഗ് നേടിയ ഗോളുകള്‍ ആണ് മത്സരത്തില്‍ ഏകപക്ഷീയമായ തോല്‍വി ഒഴിവാക്കുവാന്‍ ഇന്ത്യയെ സഹായിച്ചത്.

ആദ്യ ക്വാര്‍ട്ടറില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ പോകുകയായിരുന്നു. രണ്ടാം ക്വാര്‍ട്ടറിന്റെ 28ാം മിനുട്ടില്‍ മാര്‍ക്ക് നോവല്‍സ് നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ 1-0ന്റെ ലീഡുമായി ഓസ്ട്രേലിയ മുന്നിട്ടു നിന്നു. തുടര്‍ന്ന് 35, 41, 43 മിനുട്ടുകളില്‍ യഥാക്രമം അരന്‍ സാല്‍വേസ്, ഡാനിയേല്‍ ബീലേ, ബ്ലേക്ക് ജോവേര്‍സ് എന്നിവരുടെ ഗോളുകളില്‍ ഓസ്ട്രേലിയ 4-0ന്റെ അപരാജിത ലീഡ് നേടി.

നാണംകെട്ട തോല്‍വിയില്‍ നിന്ന് 52, 53 മിനുട്ടുകളില്‍ രമണ്‍ദീപ് സിംഗ് നേടിയ ഗോളുകളാണ് ഇന്ത്യയെ രക്ഷിച്ചത്. നാളെ ഇന്ത്യന്‍ സമയം വൈകുന്നേരം 6 മണിക്ക് ആതിഥേയരായ മലേഷ്യയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് അയര്‍ലണ്ടിനെ 4-1നും മലേഷ്യ അര്‍ജന്റീനയെ 2-1നും പരാജയപ്പെടുത്തി.

ടൂര്‍ണ്ണമെന്റില്‍ ഇതുവരെ പരാജയമറിയാത്ത ടീം ഓസ്ട്രേലിയ മാത്രമാണ്. 9 പോയിന്റുകളുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും 6 പോയിന്റുമായി അര്‍ജന്റീന രണ്ടാം സ്ഥാനത്തുമാണ്. അത്രയും തന്നെ പോയിന്റുള്ള മലേഷ്യ മൂന്നും ഇംഗ്ലണ്ട് നാല് പോയിന്റുമായി നാലും സ്ഥാനങ്ങളില്‍ നിലകൊള്ളുന്നു. ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യയ്ക്ക് പിന്നിലായി പോയിന്റൊന്നുമില്ലാത്ത അയര്‍ലണ്ട് അവസാന സ്ഥാനക്കാരായി നില്‍ക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article22 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് കുശല്‍ പെരേര
Next articleഇന്ത്യയെ പരാജയപ്പെടുത്തി ശ്രീലങ്കയ്ക്ക് ആദ്യ ജയം