
ആവേശകരമായ മത്സരത്തില്‍ ഇന്ത്യന്‍ വനിത ഹോക്കി ടീമിനു വിജയം. പര്യടനത്തില്‍ ആദ്യ മത്സരത്തില്‍ പരാജയവും(0-3) രണ്ടാം മത്സരത്തില്‍ സമനിലയും(1-1) നേടിയ ഇന്ത്യ മൂന്നാം മത്സരത്തിന്റെ അവസാന മിനുട്ടിലാണ് റാണി രാംപാല്‍ നേടിയ ഗോളില്‍ വിജയം ഉറപ്പിച്ചത്. സ്കോര്‍: 3-2. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി പിരിഞ്ഞു.
മൂന്നാം മിനുട്ടില്‍ മറിയ ലോപസ് നേടിയ ഗോളിലൂടെ സ്പെയിനാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുവാന്‍ മിനുട്ടുകള്‍ ശേഷിക്കെ ഗുര്‍ജീത്ത് നേടിയ ഗോളിലൂടെ ഇന്ത്യ സ്പെയിനിനു ഒപ്പമെത്തുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനുട്ടുകള്‍ക്കുള്ളില്‍ ഇന്ത്യ ലീഡ് നേടി. നവനീത് ആയിരുന്നു ഗോള്‍ സ്കോറര്‍.
പിന്നീട് 25 മിനുട്ടുകളോളം ഇന്ത്യന്‍ പ്രതിരോധം സ്പെയിനിന്റെ ആക്രമണങ്ങളെ ചെറുത്തുവെങ്കിലും 58ാം മിനുട്ടില്‍ ലോല റിയേര സ്പെയിനിന്റെ സമനില ഗോള്‍ നേടി. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ റാണി രാംപാലിന്റെ വക വിജയ ഗോള്‍ ഇന്ത്യ നേടുമ്പോള്‍ മത്സരം അവസാനിക്കുവാന്‍ സെക്കന്‍ഡുകള്‍ മാത്രമാണ് ശേഷിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
