സെമി കാണാതെ പുറത്തായി ഇന്ത്യയും പാക്കിസ്ഥാനും

- Advertisement -

വേള്‍ഡ് ഹോക്കി ലീഗിലെ ആവേശകരമായ മത്സരത്തില്‍ മലേഷ്യയോട് അടിയറവു പറഞ്ഞ് ഇന്ത്യ സെമിയില്‍ നിന്ന് പുറത്ത്. 3-2 എന്ന സ്കോറിനാണ് മലേഷ്യ വിജയം സ്വന്തമാക്കിയത്. മലേഷ്യയാണ് മത്സരത്തില്‍ ആദ്യം ലീഡ് നേടിയത്. 19ാം മിനുട്ടില്‍ റാസീ റഹീം പെനാള്‍ട്ടി കോര്‍ണറിലൂടെ മലേഷ്യയെ മുന്നിലെത്തിച്ചു. തൊട്ടടുത്ത മിനുട്ടില്‍ തെംഗു നേടിയ ഗോളിലൂടെ മലേഷ്യ ലീഡ് ഉയര്‍ത്തി. രമണ്‍ദീപ് സിംഗിന്റെ ഇരട്ട ഗോളുകളിലൂടെ(24, 26 മിനുട്ടുകള്‍) ഇന്ത്യ സമനില നേടി. ആദ്യ പകുതിയില്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു.

48ാം മിനുട്ടില്‍ റാസീ തന്റെ രണ്ടാം ഗോള്‍ നേടി. ഗോള്‍ മടക്കുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഫലിക്കാതെ പോയപ്പോള്‍ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

ഇന്ന് നടന്ന മറ്റു മത്സരങ്ങളില്‍ പാക്കിസ്ഥാനെ 3-1 നു പരാജയപ്പെടുത്തി അര്‍ജന്റീന സെമി ഉറപ്പിച്ചു. അര്‍ജന്റീനയ്ക്കായി മൈക്കോ കാസെല്ല രണ്ട് ഗോളും ഗോണ്‍സാലോ പെയ്‍ലാട്ട് ഒരു ഗോളും നേടി. അലി ഷാനാണ് പാക്കിസ്ഥാന്റെ ആശ്വാസ ഗോള്‍ നേടിയത്. 9ാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ദക്ഷിണ കൊറിയ സ്കോട്‍ലാന്‍ഡിനെ 3നെതിരെ 6 ഗോളു‍കള്‍ക്ക് പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement