
യൂറോപ്യന്‍ പര്യടനത്തിന്റെ നെതര്‍ലാണ്ട്സ് ലെഗില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. ആദ്യ മത്സരത്തില്‍ നെതര്‍ലാണ്ട്സിനെ 4-3 നു പരാജയപ്പെടുത്തിയ ഇന്ത്യ ഇന്നലെ നടന്ന മത്സരത്തില്‍ 2-1 എന്ന സ്കോറിനാണ് ആതിഥേയരെ വീഴ്ത്തിയത്. ബെല്‍ജിയത്തിനോട് ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ അതേ സമയം നെതര്‍ലാണ്ട്സിനെ അട്ടിമറിയ്ക്കുകയായിരുന്നു. ഓസ്ട്രിയയുമായാണ് പരമ്പരയിലെ അവസാന മത്സരം. ഓഗസ്റ്റ് 16നു ഇന്ത്യന്‍ സമയം രാത്രി 9.30യ്ക്കാണ് മത്സരം. നെതര്‍ലാണ്ട്സിലെ ആംസ്റ്റെല്‍വീനില്‍ വെച്ചാവും ഈ മത്സരം അരങ്ങേറുക.
മത്സരത്തിന്റെ നാലാം മിനുട്ടില്‍ ഗുര്‍ജന്ത് സിംഗാണ് ഇന്ത്യയ്ക്ക് ലീഡ് നല്‍കിയത്. പിന്നീട് മൂന്ന് ക്വാര്ട്ടറുകള് പിന്നിട്ടപ്പോള്‍ കൂടുതല്‍ ഗോളുകള്‍ നേടുവാന്‍ ഇരു ടീമുകള്‍ക്കുമായില്ല. ഇരുവശത്തേക്കും ഒട്ടേറെ ആക്രമണങ്ങള്‍ നടന്നുവെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. നാലാം ക്വാര്‍ട്ടറില്‍ 51ാം മിനുട്ടിലാണ് മത്സരത്തിലെ രണ്ടാം ഗോള്‍ പിറന്നത്. മന്ദീപ് സിംഗ് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 58ാം മിനുട്ടില്‍ സാന്‍ഡെര്‍ ഡി വിന് ആണ് നെതര്‍ലാണ്ട്സിന്റെ ആശ്വാസ ഗോള്‍ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial