ആതിഥേയരെ ഗോളില്‍ മുക്കി ഇന്ത്യയ്ക്കാദ്യ ജയം

സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. മൂന്ന് മത്സരങ്ങളില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമായാണ് ഇന്ത്യ ഇന്ന് ആതിഥേയരായ മലേഷ്യയെ നേരിടാന്‍ ഇറങ്ങിയത്. മികച്ച മുന്നേറ്റങ്ങള്‍ ഇരു ടീമുകളും നടത്തിയ മത്സരത്തില്‍ 5-1 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തിന്റെ അവസാന ക്വാര്‍ട്ടറില്‍ മാത്രം ഇന്ത്യ മൂന്ന് ഗോളുകളാണ് നേടിയത്. പകുതി സമയത്ത് ഇന്ത്യ ഷീലാനന്ദ് ലാക്ര പത്താം മിനുട്ടില്‍ നേടിയ ഗോളിനു ലീഡ് ചെയ്യുകയായിരുന്നു.

രണ്ടാം പകുതി തുടങ്ങി മൂന്നാം മിനുട്ടില്‍ ഫൈസല്‍ സാരിയുടെ ഗോളഇല്‍ മലേഷ്യ ഇന്ത്യയ്ക്കൊപ്പമെത്തുകയായിരുന്നു. 42ാം മിനുട്ടില്‍ ഗുര്‍ജന്ത് സിംഗ് ഇന്ത്യയ്ക്ക് രണ്ടാം ഗോള്‍ നേടി. 48ാം മിനുട്ടില്‍ സുമീത് കുമാര്‍ ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടി. 51ാം മിനുട്ടില്‍ രമണ്‍ദീപ് സിംഗും ഗോള്‍ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ സ്കോര്‍ 4-1. രണ്ട് മിനുട്ടുകള്‍ക്ക് ശേഷം ഗുര്‍ജന്ത് സിംഗ് മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടി ഇന്ത്യയെ 5-1 എന്ന സ്കോറില്‍ ആദ്യ വിജയത്തിലേക്ക് നയിച്ചു.

ഇന്ന് നടന്ന മറ്റു മത്സരങ്ങളില്‍ ഓസ്ട്രേലിയ അയര്‍ലണ്ടിനെ 4-1നു പരാജയപ്പെടുത്തിയപ്പോള്‍ അര്‍ജന്റീന ഇംഗ്ലണ്ട് മത്സരം സമനിലയില്‍ അവസാനിച്ചു.

പോയിന്റ് പട്ടികയില്‍ 12 പോയിന്റുമായി ഓസ്ട്രേലിയയാണ് മുന്നില്‍. അര്‍ജന്റീന(7), മലേഷ്യ(6), ഇംഗ്ലണ്ട്(5), ഇന്ത്യ(4) എന്നീ ടീമുകളാണ് പോയിന്റ് പട്ടികയില്‍ ഓസ്ട്രേലിയയ്ക്ക് പിന്നിലായി ക്രമത്തിലുള്ളത്. അയര്‍ലണ്ടിന്റെ ആദ്യ പോയിന്റ് ഇതുവരെ നേടാനായിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനബി ലെസെസ്റ്റര്‍ഷയറിലേക്ക്
Next articleഷമിക്ക് കരാര്‍ നഷ്ടമായതിനു കാരണം ഗാര്‍ഹിക പീഢനമെന്ന പരാതി