
ഹോക്കി വേള്‍ഡ് ലീഗ് ഫൈനല്‍ മോഹങ്ങളുമായി ഇന്ത്യയും അര്‍ജന്റീനയും ഇന്നിറങ്ങുന്നു. ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഇരു ടീമുകളും ഒരു പോയിന്റ് മാത്രമാണ് നേടിയതെങ്കിലും ക്വാര്‍ട്ടറില്‍ ഇരുവരും തങ്ങളുെടെ എതിരാളികളെ ഞെട്ടിക്കുകയായിരുന്നു. ഇന്ത്യ ബെല്‍ജിയത്തെ ഷൂട്ടൗട്ടില്‍ മറികടന്നപ്പോള്‍ അര്‍ജന്റീന ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് സെമിയില്‍ കടന്നത്.
ക്വാര്‍ട്ടറിലെ വിജയം ഇരു ടീമുകളുടെയും ടൂര്‍ണ്ണമെന്റിലെ ആദ്യത്തെ വിജയമായിരുന്നു. ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് സമനില വഴങ്ങിയ ശേഷം ജര്‍മ്മനിയോടും ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടപ്പോള്‍ നെതര്‍ലാണ്ട്സുമായി നേടിയ സമനിലയായിരുന്നു അര്‍ജന്റീനയുടെ ഏക പോയിന്റ്. ടൂര്‍ണ്ണമെന്റിലെ ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ ഇരു രാജ്യങ്ങളില്‍ നിന്നും രണ്ടിലധികം ഗോളുകള്‍ നേടിയ താരങ്ങളൊന്നും തന്നെയില്ലെങ്കിലും ഇന്ന് നടക്കുന്ന പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. ആതിഥേയരെന്ന നിലയില്‍ ആരാധകരുടെ പിന്തുണ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുമെന്നാണ് വിലയിരുത്തലെങ്കിലും അര്‍ജന്റീനയെ വിലക്കുറച്ച് കാണുവാന്‍ ഇന്ത്യന്‍ ടീം ഒരിക്കലും തയ്യാറാകുകയില്ല.
ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള സെമി മത്സരം. ഇന്നേ ദിവസം 5.15നു ലൂസിംഗ് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടും നെതര്‍ലാണ്ട്സും ഏറ്റുമുട്ടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial