
ജോഹാന്നസ്ബര്‍ഗ് ഹോക്കി വേള്‍ഡ് ലീഗ് പതിപ്പിലെ പുരുഷ വിഭാഗം ഫൈനലില്‍ ബെല്‍ജിയം വിജയിച്ചപ്പോള്‍ വനിത വിഭാഗം ഫൈനലില്‍ അമേരിക്കയ്ക്ക് വിജയം. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ ജര്‍മ്മനിയെയാണ് ബെല്‍ജിയം തകര്‍ത്തത്. പെനാള്‍ട്ടി വരെ നീണ്ട വനിത വിഭാഗം ഫൈനലില്‍ അമേരിക്കയോട് തോറ്റ് ജര്‍മ്മനി രണ്ട് വിഭാഗങ്ങളിലും റണ്ണേഴ്സ് അപ്പായി.
പുരുഷ വിഭാഗം ഫൈനലില്‍ ജര്‍മ്മനിയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് ബെല്‍ജിയം പുറത്തെടുത്തത്. ജര്‍മ്മനിയെ 6-1 നു തകര്‍ത്ത ബെല്‍ജിയത്തിനു വേണ്ടി സെഡ്രിക് ചാര്ലിയര് ഇരട്ട ഗോള്‍ നേടി. അഗസ്റ്റിന്, ടോം ബൂണ്‍, അമൗരി, ആര്‍തര്‍ എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍. ജര്‍മ്മനിയുടെ ആശ്വാസ ഗോള്‍ ടോം ഗ്രാംബുഷ് സ്വന്തമാക്കി.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ സ്പെയിനിനെ ഓസ്ട്രേലിയ 8-1 എന്ന സ്കോറിനു പരാജയപ്പെടുത്തി. ജേക്ക് വേട്ടണ്, ജെറമി ഹേവാര്‍ഡ്, ആരോണ്‍, ടോം ക്രെയിഗ്, മിട്ടണ് ട്രെന്റ്, ടോം വിക്ഹാം എന്നിവരായിരുന്നു ഓസട്രേലിയയുടെ ഗോള്‍ സ്കോറര്‍മാര്‍.
വനിത വിഭാഗത്തിലെ ആവേശകരമായ മത്സരത്തില്‍ മുഴുവന്‍ സമയത്ത് അമേരിക്കയും ജര്‍മ്മനിയും 1-1 സമനില പാലിച്ചെങ്കിലും ഷൂട്ടൗട്ടില്‍ വിജയം അമേരിക്കയ്ക്കൊപ്പം നിന്നു (3-2) . അര്‍ജന്റീനയെ തകര്‍ത്ത് ഇംഗ്ലണ്ടിനാണ് മൂന്നാം സ്ഥാനം. സ്കോര്‍ 5-2
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial