ഹോക്കി വേള്‍ഡ് ലീഗ് : ജര്‍മ്മനി-അമേരിക്ക വനിത വിഭാഗം ഫൈനല്‍

ഹോക്കി വേള്‍ഡ് ലീഗില്‍ ജര്‍മ്മനി അമേരിക്ക ഫൈനല്‍. ഇന്നലെ വനിത വിഭാഗത്തില്‍ നടന്ന സെമി മത്സരങ്ങളില്‍ ജര്‍മ്മനി അര്‍ജന്റീനയെ 2-1 എന്ന സ്കോറിനു പരാജയപ്പെടുത്തിയപ്പോള്‍ മുഴുവന്‍ സമയത്ത് 1-1 സമനിലയില്‍ അവസാനിച്ച ഇംഗ്ലണ്ട് – അമേരിക്ക മത്സരത്തില്‍ ഷൂട്ടൗട്ടില്‍ 2-1 നു അമേരിക്ക വിജയിക്കുകയായിരുന്നു.

ആദ്യ സെമിയില്‍ ഏഴാം മിനുട്ടിലാണ് നോമി ഹെയ്ന്‍ ജര്‍മ്മനിയ്ക്കായി ഗോള്‍ നേടിയത്. രണ്ടാം ക്വാര്‍ട്ടറിന്റെ ആദ്യ മിനുട്ടില്‍ തന്നെ ഗോള്‍ മടക്കി അര്‍ജന്റീന സമനില നേടി. ലൂസിന ആയിരുന്നു അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. എന്നാല്‍ 30ാം മിനുട്ടില്‍ ഗോള്‍ സ്വന്തമാക്കി ചാര്‍ലോട്ട് ജര്‍മ്മനിയ്ക്ക് ഫൈനല്‍ പ്രവേശനം ഉറപ്പാക്കി.

അന്നേ ദിവസം നടന്ന രണ്ടാം സെമിയില്‍ ആവേശകരമായ പെനാള്‍ട്ടി ഷൂട്ടൗട്ടിനൊടുവിലാണ് അമേരിക്ക ഫൈനലുറപ്പാക്കിയത്. 16ാം മിനുട്ടില്‍ ഹന്ന മാര്‍ട്ടിന്‍ നേടിയ ഗോളിലൂടെ ലീഡ് നേടിയ ഇംഗ്ലണ്ടിനെതിരെ ഗോള്‍ മടക്കാന്‍ അമേരിക്കയ്ക്കായത് മത്സരം അവസാനിക്കാന്‍ മൂന്ന് മിനുട്ട് ശേഷിക്കെയാണ്. ജില്‍ വാട്മെര്‍ നേടിയ ഗോളിലൂടെ സമനില പാലിച്ച അമേരിക്ക ഷൂട്ടൗട്ടില്‍ 2-1ന്റെ വിജയം സ്വന്തമാക്കി.

ഷൂട്ടൗട്ടില്‍ അമേരിക്കയുടെ ആദ്യ ശ്രമം തന്നെ മെലീസ ഗോണ്‍സാലെസ് ഗോളാക്കി മാറ്റി. പിന്നീട് ഇരു ടീമുകളുടെയും എട്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിനായി സാറ ഹേക്രോഫ്ട് സമനില കണ്ടെത്തി. മെലീസ ഗോണ്‍സാലസ് വീണ്ടും ഒരു ഗോള്‍ നേടിയതോടെ മത്സരം അമേരിക്ക സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറൗൾ വീണ്ടും റയൽ മാഡ്രിഡിൽ
Next articleഎൽ ക്ലാസിക്കോയ്ക്ക് ഒരുങ്ങി ഫുട്ബോൾ ലോകം