
ടൂര്‍ണ്ണമെന്റിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ജര്‍മ്മനിയെ വിറപ്പിച്ച് നെതര്‍ലാണ്ട്സ്. എന്നാല്‍ ഷൂട്ടൗട്ടില്‍ മത്സരം ജര്‍മ്മനി 4-3നു സ്വന്തമാക്കി. മത്സരത്തിന്റെ മുഴുവന്‍ സമയത്ത് ഇരു ടീമുകളും 3-3 എന്ന സ്കോറിനു സമനിലയില്‍ പിരിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ നെതര്‍ലാണ്ട്സ് 2-1നു ലീഡ് ചെയ്യുകയായിരുന്നു. പിന്നീട് രണ്ടാം പകുതിയില്‍ 2 ഗോളുകള്‍ മടക്കി ജര്‍മ്മനി ജയം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 60ാം മിനുട്ടില്‍ സമനില ഗോള്‍ നേടി നെതര്‍ലാണ്ട്സ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടി.
ജര്‍മ്മനിയ്ക്കായി 12ാം മിനുട്ടില്‍ ജൂലിയസ് മേയേര്‍ ആണ് ആദ്യ ഗോള്‍ നേടിയത്. 21, 27 മിനുട്ടുകളില്‍ മിര്‍ക്കോ പ്രൂയിജ്സര്‍, ബോണ്‍ കെല്ലര്‍മാന്‍ എന്നിവര്‍ നെതര്‍ലാണ്ട്സിനു വേണ്ടി ഗോളുകള്‍ നേടി. രണ്ടാം പകുതിയില്‍ ഫ്ലോറിയന്‍ ഫുച്ച്സ്, കോണ്സ്റ്റാന്റിന് സ്റ്റൈബ് എന്നിവര്‍ ജര്‍മ്മനിയ്ക്കായി ഗോള്‍ നേടിയപ്പോള്‍ മിര്‍ക്കോ തന്റെ രണ്ടാം ഗോളും നെതര്‍ലാണ്ട്സിന്റെ സമനില ഗോളും കണ്ടെത്തി. ഷൂട്ടൗട്ടില്‍ ജര്‍മ്മനിയുടെ ഗോള്‍കീപ്പര്‍ തോബിയാസ് വാള്‍ട്ടര്‍ രണ്ട് സേവുകളും നെതര്‍ലാണ്ട്സ് കീപ്പര്‍ പിര്‍മിന്‍ ബ്ലാക് ഒരു സേവും നടത്തി.
സെമിയില്‍ ഓസ്ട്രേലിയയാണ് ജര്‍മ്മനിയുടെ എതിരാളികള്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial