ഈജിപ്റ്റിന്റെ വല നിറച്ച് ജര്‍മ്മനി, പിന്നില്‍ നിന്ന് വിജയിച്ച് കയറി ഓസ്ട്രേലിയ

- Advertisement -

ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം മത്സരങ്ങളില്‍ ഇന്നലെ വിജയം കണ്ട് ജര്‍മ്മനിയും ഓസ്ട്രേലിയയും. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ജര്‍മ്മനി ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ഈജിപ്റ്റിനെ തകര്‍ത്തു. ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ ഒഴിഞ്ഞ് നിന്ന മത്സരത്തില്‍ 23ാം മിനുട്ടിലാണ് ജര്‍മ്മനി സ്കോറിംഗ് ആരംഭിച്ചത്. മാര്‍ക്കോ മില്‍ടുകാവു, ടോം ഗ്രാംബുഷ്, എന്‍റിക്കേ, ജോനാസ് ജോമോല്‍, ടിം ഹെര്‍സ്ബ്രുച്ച് എന്നിവരാണ് ജര്‍മ്മന്‍ സ്കോറര്‍മാര്‍.

 

മറ്റൊരു ആവേശകരമായ മത്സരത്തില്‍ 2 ഗോളിനു പിന്നില്‍ നിന്ന ശേഷം വിജയം പിടിച്ചെടുത്ത് ഓസ്ട്രേലിയ. മത്സരത്തിന്റെ ആദ്യ പത്ത് മിനുട്ടിനുള്ളില്‍ രണ്ട് ഗോളുകള്‍ നേടി ഫ്രാന്‍സ് അക്ഷരാര്‍ത്ഥത്തില്‍ ഓസ്ട്രേലിയയെ ഞെട്ടിക്കുകയായിരുന്നു. വിക്ടര്‍ ചാര്‍ലെറ്റ്, പീറ്റര്‍ വാന്‍ സ്ട്രാറ്റെന്‍ എന്നിവരാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്. 18ാം മിനുട്ടില്‍ ഓസ്ട്രേലിയ ജേക്ക് വെട്ടണിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ഗോള്‍ കണ്ടെത്തുന്നതില്‍ ഇരു ടീമുകളും വിജയിച്ചില്ല. മത്സരം അവസാന പത്ത് മിനുട്ടിലേക്ക് കടന്നപ്പോള്‍ ജോഷ് പൊള്ളാര്‍ഡ്, മാര്‍ക്ക് നോവല്‍സ് എന്നിവര്‍ നേടിയ ഗോളിലൂടെ ഫ്രാന്‍സിന്റെ അട്ടിമറി മോഹങ്ങളെ തകര്‍ക്കുകയായിരുന്നു. മുഴുവന്‍ സമയത്ത് ഓസ്ട്രേലിയ 3-2 നു മത്സരം ജയിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement