അവസാന സെക്കന്‍ഡില്‍ സമനില ഗോള്‍, ഷൂട്ടൗട്ടില്‍ തോറ്റ് പാക്കിസ്ഥാന്‍

ടൂര്‍ണ്ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പല മത്സരങ്ങളിലെന്ന പോലെ ലീഡ് നേടിയ ശേഷം വീണ്ടുമൊരു മത്സരം കൂടി കൈവിട്ട് പാക്കിസ്ഥാന്‍. ബെല്‍ജിയത്തിനെതിരെ അഞ്ചാം സ്ഥാനത്തിനായുള്ള ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിലാണ് പാക്കിസ്ഥാന്‍ മുഴുവന്‍ സമയത്ത് 2-2നു സമനില പിടിച്ചുവെങ്കിലും ഷൂട്ടൗട്ടില്‍ 3-2നു വിജയം ബെല്‍ജിയം സ്വന്തമാക്കി. മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയ ശേഷം രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ പോയെങ്കിലും അവസാന സെക്കന്‍ഡില്‍ പാക്കിസ്ഥാന്‍ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു.

16ാം മിനുട്ടില്‍ അലി ഷാന്‍ ആണ് പാക്കിസ്ഥാനു മികച്ചൊരു ഫീല്‍ഡ് ഗോളിലൂടെ ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതി അവസാനിക്കുവാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ടോം ബൂമിലൂടെ ബെല്‍ജിയം ഗോള്‍ മടക്കി. പകുതി സമയത്ത് 1-1 എന്ന സ്കോറിനു ടീമുകള്‍ പിരിഞ്ഞു. രണ്ടാം പകുതി തുടങ്ങി 4 മിനുട്ട് പിന്നിട്ടപ്പോള്‍ ഫ്ലോറന്റ് വാന്‍ ഔബല്‍ നേടിയ ഗോളിലൂടെ ബെല്‍ജിയം ലീഡ് നേടി.

പിന്നീട് ഗോളുകള്‍ നേടുവാന്‍ ഇരു ടീമുകള്‍ക്കും സാധിക്കാതെ വന്നപ്പോള്‍ മത്സരം ബെല്‍ജിയത്തിനനുകൂലമായി തീരുമെന്നുള്ള നിമിഷത്തിലാണ് മത്സരത്തിന്റെ 60ാം മിനുട്ടില്‍ ഫൈനല്‍ വിസിലുകള്‍ക്ക് സെക്കന്‍ഡുകള്‍ ശേഷിക്കെ പാക്കിസ്ഥാന്റെ തൊസീക്ക് അര്‍ഷാദ് സമനില ഗോള്‍ നേടിയത്.

ഷൂട്ടൗട്ടില്‍ ഇരു ടീമുകളുടെയും ആദ്യ അവസരം ഗോളിമാര്‍ സേവ് ചെയ്യുകയായിരുന്നു. അടുത്തത് രണ്ടും ടീമുകള്‍ ഗോളാക്കി മാറ്റി ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തില്‍ അവസാന രണ്ട് ശ്രമങ്ങളും പാക്കിസ്ഥാന്‍ നഷ്ടപ്പെടുത്തിയപ്പോള്‍ അഞ്ചാം സ്ഥാനം ബെല്‍ജിയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version