സമനിലയില്‍ പിരിഞ്ഞ് ബെല്‍ജിയവും അര്‍ജന്റീനയും

ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ അര്‍ജന്റീനയും ബെല്‍ജിയവും. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ് മത്സരത്തില്‍ പോയിന്റ് പങ്കുവെച്ച് പിരിഞ്ഞത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഗോണ്‍സാലോ പെയിലാട്ട് നേടിയ ഗോളില്‍ അര്‍ജന്റീനയായിരുന്നു മുന്നില്‍. മത്സരത്തിന്റെ പതിനാലാം മിനുട്ടിലാണ് ഗോള്‍. എന്നാല്‍ 37ാം മിനുട്ടില്‍ അമൗരി ക്യൂസ്റ്റേഴ്സ് ബെല്‍ജിയത്തിന്റെ സമനില ഗോള്‍ നേടി.

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ നെതര്‍ലാണ്ട്സ് പാക്കിസ്ഥാനെ നേരിടും. നാളെ നടക്കുന്ന ഏക മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ആറ് പോയിന്റുകളോടെ ഇന്ത്യയാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ മുന്നില്‍. ഓസ്ട്രേലിയയും അര്‍ജന്റീനയും നാല് പോയിന്റ് വീതം രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയ്ക്കെതിരെ നാളെ ജയം നേടി ഒന്നാം സ്ഥാനം നേടുകയെന്ന ലക്ഷ്യത്തോടെയാവും ഓസ്ട്രേലിയ നാളെ കളത്തിലിറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial