
വേള്‍ഡ് ഹോക്കി ലീഗില്‍ പാക്കിസ്ഥാനു നാണംകെട്ട തോല്‍വി. ലണ്ടനിലെ ക്യൂന്‍ എലിസബത്ത് ഒളിമ്പിക് പാര്‍ക്കില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 6-0 നാണ് കാനഡ പാക്കിസ്ഥാനെ തകര്‍ത്തത്. തങ്ങളുടെ പ്രതാപകാലത്തിന്റെ നിഴല്‍ പോലും ആകാനാവാതെ പാക്കിസ്ഥാന് തകരുന്നത് ഹോക്കി പ്രേമികള്‍ക്ക് ദുഖകരമായ കാഴ്ച തന്നെയാണ്. സ്കോട്ട് ടുപ്പര് ആണ് കാനഡയുടെ സ്കോറിംഗ് ആരംഭിച്ചത്. ലൈന്‍ സ്മിത്ത് രണ്ട് ഗോളുകള്‍ നേടി ലീഡ് മൂന്ന് ഗോളാക്കി മാറ്റിയപ്പോള്‍ ഫോറിസ് വാന്‍ സണ്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോള്‍ നേടി കാനഡയ്ക്ക് 4-0 ന്റെ ലീഡ് സമ്മാനിച്ചു. ബ്രെന്‍ഡെന്‍ ബിസ്സെറ്റ്, ഗോര്‍ഡണ്‍ ജോണ്‍സ്റ്റണ്‍ എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍.
മറ്റൊരു മത്സരത്തില്‍ മലേഷ്യയെ 5-2നു പരാജയപ്പെടുത്തി അര്‍ജന്റീന ടൂര്‍ണ്ണമെന്റിലെ രണ്ടാം വിജയം സ്വന്തമാക്കി. നാലാം മിനുട്ടില്‍ ഗോണ്‍സാലോയിലൂടെ ലീഡ് നേടിയ അര്‍ജന്റീനയെ മലേഷ്യ ഏഴാം മിനുട്ടില്‍ സമനിലയില്‍ തളച്ചു. ഷാഹ്രില് സാബാഹ ആണ് ഗോള്‍ മടക്കിയത്. ഗോണ്‍സാലോ 11ാം മിനുട്ടില്‍ വീണ്ടും അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തിയപ്പോള്‍ ഏഴ് മിനുട്ടുകള്‍ക്ക് ശേഷം ടെംഗു താജൂദ്ദീന് സ്കോര്‍ 2-2 ആക്കി. ആദ്യ പകുതിയില്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ അര്‍ജന്റീനിയന്‍ ആധിപത്യമായിരുന്നു. ഗോണ്‍സാലോ രണ്ട് ഗോളുകള്‍ കൂടി നേടിയപ്പോള്‍ 49ാം മിനുട്ടില്‍ ഫാകുണ്ടോ കല്ലിയോനി അര്‍ജന്റീനിയന്‍ പട്ടിക തികച്ചു.
ഇന്ന് നാല് മത്സരങ്ങളാണ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഏഷ്യന്‍ ശക്തികളുടെ പോരാട്ടത്തില്‍ ചൈനയും കൊറിയയും ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ കാനഡയെ ഇന്ത്യ നേരിടും. മറ്റു മത്സരങ്ങളില്‍ ഇംഗ്ലണ്ട് മലേഷ്യയെയും സ്കോട്ലാന്ഡ് നെതര്‍ലാന്‍ഡ്സിനെയും നേരിടും. ഇന്ത്യയുടെ മത്സരം ഇന്ത്യന്‍ സമയം 6.30 നാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial