ഓസ്ട്രേലിയ അസ്ലന്‍ഷാ കപ്പ് ചാമ്പ്യന്‍മാര്‍, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് 2-1ന്

- Advertisement -

സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ജേതാക്കളായി ഓസ്ട്രേലിയ. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ 2-1 എന്ന സ്കോറിനാണ് ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഗോള്‍ പിറക്കാതിരുന്നപ്പോള്‍ 38ാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ ഓസ്ട്രേലിയ നേടിയത്. ബ്ലേക്ക് ഗോവേര്‍സ് പെനാള്‍ട്ടി കോര്‍ണര്‍ ഗോള്‍ ആക്കി മാറ്റുകയായിരുന്നു. പിന്നീട് ഏറെ നേരത്തെ ഗോള്‍രഹിത കളിക്ക് ശേഷം 53ാം മിനുട്ടില്‍ വീണ്ടുമൊരു പെനാള്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി ലാച്ലാന്‍ ഷാര്‍പ്പ് ഓസ്ട്രേലിയയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. തൊട്ടടുത്ത മിനുട്ടില്‍ ഫീല്‍ഡ് ഗോളിലൂടെ സാം വാര്‍ഡ് ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ നേടി.

മൂന്നാം സ്ഥാന മത്സരത്തില്‍ ആതിഥേയരായ മലേഷ്യയെ 3-2 എന്ന സ്കോറിനു പരാജയപ്പെടുത്തി അര്‍ജന്റീന വിജയം നേടുകയായിരുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകളും 2 വീതം ഗോളഅ‍ നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ മത്സരം അവസാനിക്കുവാന്‍ 11 മിനുട്ടുള്ളപ്പോള്‍ അര്‍ജന്റീന വിജയ ഗോള്‍ നേടി.

ഒന്നാം മിനുട്ടില്‍ ജുവാന്‍ ലോപസ് മികച്ചൊരു ഫീല്‍ഡ് ഗോളിലൂടെ അര്‍ജന്റീനയ്ക്ക് ലീഡ് നേടികൊടുത്തപ്പോള്‍ പത്ത് മിനുട്ടുകള്‍ക്ക് ശേഷം ഗോണ്‍സാലോ പെലിയാട്ട് ടീമിന്റെ രണ്ടാം ഗോള്‍ നേടി. രണ്ടാം ക്വാര്‍ട്ടറില്‍ മൂന്ന് മിനുട്ടുകളുടെ ഇടവേളയില്‍ മലേഷ്യ രണ്ട് ഗോള്‍ മടക്കി. 24, 27 മിനുട്ടുകളില്‍ ജോയല്‍ വാന്‍ ഹ്യൂസെന്‍, ഫൈസല്‍ സാരി എന്നിവരായിരുന്നു ഗോളുകളുടെ ഉടമ.

49ാം മിനുട്ടില്‍ പെഡ്രോ ഇബാര അര്‍ജന്റീനയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. ഇന്ത്യ 4-1 നു അയര്‍ലണ്ടിനെ പരാജയപ്പെടുത്തി അഞ്ചാം സ്ഥാനം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement