ഹോക്കി വേള്‍ഡ് ലീഗിലിന്ന് ഗോളുകളുടെ പെരുമഴ, ഓസ്ട്രേലിയയ്ക്കും സ്പെയിനിനും വിജയം

ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം മത്സരങ്ങളില്‍ ഇന്ന് ഗോളുകളുടെ പെരുമഴ. ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ജോഹാന്നസ്ബര്‍ഗില്‍ ഇന്ന് വലയിലായത് 16 ഗോളുകളാണ്. പൂള്‍ ബിയില്‍ ഓസ്ട്രേലിയ ജപ്പാനെയും സ്പെയിന്‍ ന്യൂസിലാണ്ടിനെയും പരാജയപ്പെടുത്തുകയായിരുന്നു.

ദിവസത്തെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ അക്ഷരാര്‍ത്ഥത്തില്‍ ജപ്പാനെ ഗോളില്‍ മുക്കുകയായിരുന്നു. 9 ഗോളുകള്‍ പിറന്ന മത്സരത്തില്‍ 7-2 എന്ന സ്കോറിനാണ് ഓസ്ട്രേലിയ ജപ്പാനെ നിഷ്പ്രഭമാക്കിയത്. മത്സരത്തിന്റെ ആദ്യ മിനുട്ടില്‍ തന്നെ ഓസ്ട്രേലിയയുടെ മാര്‍ക്ക് നോവല്‍സ് ഗോള്‍ നേടി. പെനാള്‍ട്ടി സ്ട്രോക്കിലൂടെയാണ് നോവല്‍സ് ഗോള്‍ സ്കോര്‍ ചെയ്തത്. ആദ്യ ക്വാര്‍ട്ടറില്‍ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. മത്സരത്തിന്റെ 26ാം മിനുട്ട് മുതല്‍ കൃത്യമായ ഇടവേളകളില്‍ ഓസ്ട്രേലിയ ഗോള്‍ നേടുകയായിരുന്നു. 26, 28, 34, 40 മിനുട്ടുകളില്‍ ഗോളുകള്‍ സ്കോര്‍ ചെയ്ത ഓസ്ട്രേലിയയ്ക്കെതിരെ രണ്ട് ഗോളുകള്‍ മടക്കാന്‍ ജപ്പാനായെങ്കിലും വീണ്ടും രണ്ട് ഗോളുകള്‍ കൂടി അടിച്ച് ഓസ്ട്രേലിയ ജയം സ്വന്തമാക്കി.

ജേക്ക് വേട്ടണ്‍, ഡൈലാന്‍ വോതര്‍സ്പൂണ്‍, അരന്‍ സാലെസ്കി, ടോം വിക്ഹാം, ജെറിമി ഹേയ്‍വാര്‍ഡ് എന്നിവര്‍ ഓസ്ട്രേലിയയ്ക്കായി ഗോള്‍ നേടിയപ്പോള്‍ ജപ്പാന്റെ ആശ്വാസ ഗോളുകള്‍ നേടിയത് ഷോട യമാഡ, ഹിരോടാക സെന്‍ഡാന എന്നിവരായിരുന്നു.

ഗ്രൂപ്പ് ബിയിലെ തന്നെ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ന്യൂസിലാണ്ടിനെ സ്പെയിന്‍ മറികടക്കുകയായിരുന്നു. ലീഡുകള്‍ മാറി മറിഞ്ഞ മത്സരത്തില്‍ അവസാന മിനുട്ടിലാണ് സ്പെയിന്‍ വിജയ ഗോള്‍ സ്വന്തമാക്കിയത്. ജോസെപ് റോമു, എന്‍റിക് ഗോണ്‍സാലെസ് എന്നിവരുടെ ഗോളുകളില്‍ 2-0 ലീഡ് നേടിയ സ്പെയിനിനെ മിനുട്ടുകളുടെ 3 ഗോള്‍ മടക്കി ന്യൂസിലാണ്ട് ലീഡ് നേടുകയായിരുന്നു. ഷേ മക്ലീസ്, നിക് വുഡ്സ്, കെയിന്‍ റസ്സല്‍ എന്നിവരുടെ ഗോളുകളാണ് ന്യൂസിലാണ്ടിനു ലീഡ് സമ്മാനിച്ചത്.

എന്നാല്‍ മത്സരത്തിന്റെ അവസാന മൂന്ന് മിനുട്ടുകളില്‍ രണ്ട് ഗോള്‍ നേടി സ്പെയിന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. അല്‍വാരോ ഇഗ്ലേസിയസ്, പാവു ക്യുമേഡ എന്നിവരാണ് സ്പെയിനിനു സമനിലയും ജയവും നേടിക്കൊടുത്ത ഗോളുകളുടെ ഉടമ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleKLF | ഗോൾ മഴ തീർത്ത് ഷാർക്ക് എഫ്സി
Next articleകേരളത്തിന്റെ യുവരക്തമായി അക്ഷയ് ജോഷിയും അജിത് ശിവനും ISL ഡ്രാഫ്റ്റിൽ