അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി, ഗ്രൂപ്പ് ചാമ്പ്യന്മാരായി അര്‍ജന്റീന

വേള്‍ഡ് ഹോക്കി ലീഗ് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. അര്‍ജന്റീനയോടാണ് ഇന്ത്യ ഏകപക്ഷീയമായ 3 ഗോളുകള്‍ക്ക് പരാജയപ്പെട്ടത്. ഗ്രൂപ്പില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും ഇന്ത്യ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇന്നത്തെ അവസാന മത്സരത്തില്‍ രണ്ടാം മിനുട്ടില്‍ തന്നെ അര്‍ജന്റീന ലീഡ് നേടിയിരുന്നു. റോസിയോ സാഞ്ചെസ് ആണ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഒരു ഗോള്‍ കൂടി നേടി അവര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മരിയ ഗ്രാനാറ്റോ ആയിരുന്നു സ്കോറര്‍.

25ാം മിനുട്ടില്‍ നോയല്‍ ബാരിയോനൂവോ അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ സ്വന്തമാക്കി. പിന്നീട് മത്സരത്തില്‍ ഗോളുകളൊന്നും പിറക്കാതിരുന്നപ്പോള്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ ഒപ്പം ഗ്രൂപ്പില്‍ നാല് പോയിന്റ് ഉള്ള ഇന്ത്യയ്ക്ക് ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് ആകും ഇന്ത്യയുടെ എതിരാളികള്‍.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ജയം. ഇന്ത്യയോടു ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ ശേഷം തുടരെ രണ്ട് പരാജയങ്ങളേറ്റു വാങ്ങിയ ആതിഥേയര്‍ക്ക് ചിലിയോടും തോറ്റ ശേഷം ക്വാര്‍ട്ടര്‍ സാധ്യത തന്നെ സംശയത്തിലായിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ 3-2 നു അമേരിക്കയെ മറികടന്ന് ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടറിലേക്ക് സ്ഥാനമുറപ്പിക്കുകയായിരുന്നു. രണ്ട് തവണ പിന്നില്‍ പോയ ശേഷമാണ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്.

14ാം മിനുട്ടിലില്‍ മെലീസ ഗോണ്‍സാലെസ് അമേരിക്കയുടെ ആദ്യ ഗോള്‍ നേടി. 26ാം മിനുട്ടില്‍ ജേഡ് മൈനിലൂടെ ദക്ഷിണാഫ്രിക്ക ഗോള്‍ മടക്കി. 18 മിനുട്ടുകള്‍ക്ക് ശേഷം ജില്‍ വിറ്റ്മറിന്റെ ഗോളിലൂടെ അമേരിക്ക് വീണ്ടും ലീഡ് നേടിയെങ്കിലും കാന്‍ഡൈസ് മാന്വല്‍ തുടരെ നേടിയ രണ്ട് ഗോളുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ജയവും ക്വാര്‍ട്ടര്‍ സ്ഥാനവും നല്‍കി. മൂന്ന് പോയിന്റുമായി ചിലി ആണ് ഗ്രൂപ്പില്‍ അവസാനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleMSPയെ മലർത്തിയടിച്ച് പാലക്കാടൻ കാറ്റ്, BEMHSS സുബ്രതോ കപ്പ് കേരള ചാമ്പ്യൻസ്
Next articleഇംഗ്ലണ്ടിനു ജയിക്കാന്‍ 474, നോട്ടിംഗഹാമില്‍ ദക്ഷിണാഫ്രിക്ക അതിശക്തം