ബ്രസീലിൽ ലൂയിസ് ഹാമിൽട്ടൺ; F1 ടൈറ്റിൽ റേസ് മുറുകുന്നു.

- Advertisement -

സാവോ പോളോയിലെ മഴയിൽ കുതിർന്ന റേസിംഗ് ട്രാക്കിൽ ആവേശകരമായ മത്സരത്തിനൊടുവിൽ ലൂയിസ് ഹാമിൽട്ടൺ ഒന്നാം സ്‌ഥാനം സ്വന്തമാക്കി. അഞ്ചു തവണ സേഫ്റ്റി കാറും രണ്ടു തവണ റേസ് റീസ്റ്റാർട്ട് ചെയ്യേണ്ടിയും വന്ന മത്സരത്തിൽ ലൂയിസ് ഹാമിൽട്ടൺ വിജയിച്ചതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള നിക്കോ റോസ്‌ബർഗുമായുള്ള പോയിന്റ് വ്യത്യാസം 12 അയി കുറക്കാൻ ഹാമിൽട്ടണ് സാധിച്ചു.

സേഫ്റ്റികാറിനു പുറകിൽ ആരംഭിച്ച മത്സരത്തിൽ 7 ലാപ്പുകൾക്ക് ശേഷമാണു ഡ്രൈവേഴ്സ് റേസിംഗ് ആരംഭിച്ചത്. ആദ്യ ലാപ്പിൽ തന്നെ ഹാമിൽട്ടൺ 2 സെക്കന്റിന്റെ വ്യക്തമായ ലീഡ് എടുത്തിരുന്നു. പതിമൂന്നാം ലാപ്പിൽ മാർക്ക് എറിക്സൺ ബാരിക്കേഡിൽ ഇടിച്ചതോടെ സേഫ്റ്റികാർ വീണ്ടും പ്രത്യക്ഷപ്പട്ടു. തുടർന്ന് മത്സരം പുനരാരംഭിച്ച ഉടനെ തന്നെ ഫെരാരിയുടെ കിമി റൈക്കോണൻ അപകടത്തിൽ പെട്ട് മത്സരത്തിൽ നിന്നും പുറത്തു പോയി. തുടർന്ന് റെഡ് ഫ്ലാഗ് വന്നതിനെ തുടർന്ന് മത്സരം താത്കാലികമായി  നിർത്തിവെക്കേണ്ടി വന്നിരുന്നു.

സീസണിലെ തുടർച്ചയായ മൂന്നാം വിജയമാണ് ഹാമിൽട്ടൺ സാവോ പോളോയിൽ സ്വന്തമാക്കിയത്. ഇതോടെ ടൈറ്റിൽ റേസ് അബുദാബിയിലേക്ക് നീട്ടാൻ ഹാമിൽട്ടനായി. അബുദാബിയിൽ ഹാമിൽട്ടൺ ഒന്നാം സ്ഥാനം നേടുകയും നിക്കോ റോസ്ബർഗ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്താതിരിക്കുകയൂം ചെയ്താൽ ഹാമിൽട്ടൺ സീസണിലെ ചാമ്പ്യൻ ആകും.

Advertisement