നികോ റോസ്ബര്‍ഗ് ലോക ചാമ്പ്യന്‍

- Advertisement -

സീസണിലെ അവസാന റേസില്‍ ലൂയിസ് ഹാമിള്‍ട്ടണ്‍ ഒന്നാം സ്ഥാനം നേടിയെങ്കിലും നികോ റോസ്ബര്‍ഗിന്റെ കിരീട മോഹം സഫലമാകുന്നതാണ് അബുദാബി സാക്ഷ്യം വഹിച്ചത്. റേസിന്റെ തുടക്കം മുതല്‍ ഹാമിള്‍ട്ടണായിരുന്നു മുന്നില്‍ നികോ റോസ്ബര്‍ഗിനാണേല്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന്റെ ശക്തമായ പോരാട്ടം നേരിടേണ്ടിയും വന്നിരുന്നു.

റേഡിയോയിലൂടെ തനിക്ക് ടീം മാനേജ്മെന്റ് നല്‍കിയ നിര്‍ദ്ദേശങ്ങളെ മുഖവിലയ്ക്കെടുക്കാതെ ഹാമിള്‍ട്ടണ്‍ പെരുമാറിയത് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിക്കുമോ എന്ന് വരും ദിവസങ്ങളില്‍ കാത്തിരുന്നു കാണാം. സ്പീഡ് കുറയ്ക്കരുതെന്ന നിര്‍ദ്ദേശമാണ് ഹാമിള്‍ട്ടണ്‍ അവഗണിച്ചത്. മെഴ്സിഡസിന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ വരെ റേഡിയോയില്‍ ലൂയിസിനോട് സംസാരിക്കേണ്ട അവസ്ഥ വരെ കാര്യങ്ങള്‍ ചെന്നെത്തി എന്നത് വരും ദിനങ്ങളില്‍ മെഴ്സിഡസിലെ മുന്‍ നിര ഡ്രൈവര്‍മാര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.

എന്നാല്‍ മത്സര ശേഷം നികോ റോസ്ബര്‍ഗിനെ അഭിനന്ദനമറിയിക്കാന്‍ ഹാമിള്‍ട്ടണ്‍ ഒരു മടിയും കാണിച്ചില്ല, കൂടാതെ പോഡിയത്തില്‍ ഇരുവരും ആശ്ലേഷിക്കുന്നതും കൈകൊടുക്കുന്നതും കണ്ടു.

തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് സാധ്യമായതെന്ന് പറഞ്ഞ റോസ്ബര്‍ഗ് 1982 ഫോര്‍മുല വണ്‍ സീസണ്‍ വിജയിച്ച തന്റെ പിതാവ് കെകെ റോസ്ബര്‍ഗിനെ സ്മരിക്കുകയും ചെയ്തു.

മത്സരം തുടങ്ങുന്നതിനു മുമ്പ് 12 പോയിന്റ് ലീഡോടു കൂടി റോസ്ബര്‍ഗ് ഹാമിള്‍ട്ടണെക്കാള്‍ മുന്നിലായിരുന്നു. ചാമ്പ്യന്‍ഷിപ്പ് വിജയിക്കാനായി വേണ്ടിയിരുന്നത് പോഡിയം ഫിനിഷ് മാത്രമാണെന്നിരിക്കെ നികോയ്ക്ക് തന്നെയായിരുന്നു വിദഗ്ധര്‍ കൂടുതല്‍ സാധ്യത നല്‍കിയിരുന്നത്.

റോസ്ബര്‍ഗിനു സീസണില്‍ 385 പോയിന്റുകള്‍ സ്വന്തമായുള്ളപ്പോള്‍ ഹാമിള്‍ട്ടണ്‍ അഞ്ചു പോയിന്റ് പിറകിലായി 380 പോയിന്റുകള്‍ സ്വന്തമാക്കിയിരുന്നു.

റേസിംഗ് ഇതിഹാസങ്ങളായ ജെന്‍സണ്‍ ബട്ടണ്‍, ഫിലിപ്പെ മാസ എന്നിവരുടെ അവസാന റേസായും അബുദാബി ഗ്രാന്‍ഡ്പ്രി ചരിത്ര രേഖകളില്‍ എഴുതപ്പെടും.

Advertisement