ചൈനീസ് ഗ്രാൻഡ് പ്രി : ഇത് റിക്കിയാർഡോ മാസ്റ്റർക്ലാസ്സ്

വെറ്റലും ഹാമിൽട്ടണും ഇല്ലാത്ത പോഡിയം.വളരെ വിരളമായി സംഭവിക്കുന്ന ഒന്ന്.2017 മെക്സിക്കൻ ഗ്രാൻഡ് പ്രിക്ക് ശേഷം ഇതാ ചൈനീസ് ഗ്രാൻഡ് പ്രീയിൽ അത് സംഭവിച്ചിരിക്കുന്നു.ഹാമിൽട്ടൺ അഞ്ചും വെറ്റൽ എട്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തപ്പോൾ റെഡ്ബുള്ളിന്റെ ഡാനിയേൽ റിക്കിയാർഡോ ചൈനയിൽ വിജയം പിടിച്ചെടുത്തു.അഞ്ചു കാറുകളെ മനോഹരമായ ഓവർടേക്കുകളിലൂടെ മറികടന്നു നേടിയ മനോഹരമായ വിജയം.റേസിൽ ഏറെ നേരം മുന്നിട്ടു നിന്ന മെഴ്സിഡസിന്റെ വാൾട്ടറി ബോത്താസിനെ പുത്തൻ സോഫ്റ്റ് ടയറുകളുടെ ആനുകൂല്യത്തിൽ റിക്കിയാർഡോ മറികടന്നു.മൂന്നാം സ്ഥാനത്തെത്തിയ ഫെറാരിയുടെ കിമി റൈക്കണന്റെ കനത്ത വെല്ലുവിളിയെ ചെറുത്തുനിന്നു രണ്ടാം സ്ഥാനം ബോത്താസ് മുറുകെ പിടിച്ചു.

പോൾ പൊസിഷൻ നേടി മുന്നിൽ തുടങ്ങിയ സെബാസ്റ്റിയൻ വെറ്റലിനു തന്നെയായിരുന്നു കൂടുതൽ സാധ്യത കല്പിച്ചിരുന്നത്.ആദ്യലാപ്പുകളിൽ വെറ്റൽ ഒന്നാം സ്ഥാനത്തു നിൽക്കുകയും ചെയ്തു.വെറ്റൽ ടയർ മാറ്റുന്നതിന് പിറ്റിൽ കയറിയപ്പോൾ ബോത്താസ് മുന്നിൽ കയറുകയും മികച്ച ലീഡ് നേടുകയും ചെയ്തു.

വിജയത്തിലേക്ക് കുതിച്ച ബോത്തസിന്റെ കുതിപ്പ് തടഞ്ഞത് 30 ആം ലാപ്പിൽ സേഫ്റ്റി കാർ എത്തിയതോടെയാണ്(റേസിനിടയിൽ ഏതെങ്കിലും കാറുകൾക്ക് അപകടം സംഭവിക്കുകയും,തൽഫലമായി മറ്റപകടങ്ങൾ സംഭവിക്കാതിരിക്കാൻ സേഫ്ടികാർ ഒന്നാമതുള്ള കാറിനു മുന്നിൽ ഓടുന്നു.ഈ സമയത്തു റേസിലുള്ള കാറുകൾ വേഗം കുറക്കുകയും,ഓവർ ടേക്കിങ് ഒഴിവാക്കുകയും വേണം).ടോറോ റോസോ യുടെ പിയറി ഗാസ്‌ലിയും ബ്രെണ്ടൻ ഹാർലിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നാണ് സേഫ്റ്റി കാർ ട്രാക്കിലെത്തിയത്.മുൻപ് ഘടിപ്പിച്ച മീഡിയം ടയറുകൾ തുടർന്നും ഉപയോഗിക്കാൻ മെഴ്സിഡസ്,ഫെറാറി ടീമുകൾ തീരുമാനിച്ചപ്പോൾ,റെഡ് ബുൾ  വേഗത കൂടിയ സോഫ്റ്റ് ടയറുകൾ ഘടിപ്പിച്ചു …മത്സരത്തിന്റെ ഗതി മാറ്റിയ തീരുമാനം.

റെഡ്ബുള്ളിന്റെ മാക്സ് വേർസ്ത്തപ്പാൻ റിക്കാർഡിയോക്കും മുന്നിലായിരുന്നെങ്കിലും ഹാമിൽട്ടനായും വെറ്റലുമായും നടന്ന ചെറിയ കൂട്ടിയിടികൾക്കിടയിൽ റിക്കാർഡിയോ ഇവരെയെല്ലാം മറികടന്നു മുന്നേറി.മീഡിയം ടയറുകളുടെ വേഗതകുറവ് മൂലം ബോത്താസിനും റിക്കിയാർഡോക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല.റിക്കിയാർഡോ വിജയത്തിലേക്ക് ഓടിച്ചുകയറി.

മാക്സ് വേർസ്ത്തപ്പാൻ,ഫോർമുല വണ്ണിലെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്ന 20 കാരനായ നെതെർലാന്റുകാരൻ സ്വയം വില്ലനായി മാറുന്ന കാഴ്ചയും ചൈനയിൽ കണ്ടു.സോഫ്റ്റ് ടയറുകളുടെ പിൻബലത്തോടെ ഹാമിൽട്ടണും വെറ്റലിനും പുറകെ പാഞ്ഞ വേർസ്ത്തപ്പാൻ ഇരുവരുമായും ചെറിയ ഉരസലുകൾ നടന്നു.ഇതുമൂലം ഹാമിൽട്ടൺ അഞ്ചാം സ്ഥാനത്തേക്കും വെറ്റൽ എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.റേസിൽ നാലാമത് ഫിനിഷ് ചെയ്‌തെങ്കിലും അശ്രദ്ധമായ ഡ്രൈവിങ്ങിനു വേർസ്‌തപ്പാന് 10 സെക്കന്റ് പിഴ കിട്ടുകയും ഫലത്തിൽ അഞ്ചാം സ്ഥാനത്താവുകയും ചെയ്തു.തന്റെ പുറകിലായിരുന്നിട്ടു കൂടി ട്രാക്കിലെ അടക്കവും ഓവർ ടേക്കിങ്ങിലെ പാടവവും കൊണ്ട് ഒന്നാമത് ഫിനിഷ് ചെയ്ത ടീംമേറ്റ് റിക്കിയാർഡോയിൽ നിന്നും വേർസ്തപ്പാൻ ഏറെ പഠിക്കാനുണ്ട്.

മുൻ ലോകചാമ്പ്യൻ ഫെർണാണ്ടോ അലോൺസോ പതിമൂന്നിൽ തുടങ്ങി ഏഴിൽ ഫിനിഷ് ചെയ്തത് ശ്രദ്ധേയമായി.
അതേസമയം ഇന്ത്യൻ ടീം സഹാറ ഫോഴ്സ് ഇന്ത്യ ഡ്രൈവർമാർ ഇത്തവണയും ആദ്യ പത്തിൽ ഫിനിഷ് ചെയ്തില്ല.
ബഹ്‌റൈനിൽ നാലാമത് ഫിനിഷ് ചെയ്ത ടോറോ റോസ്സോ ഡ്രൈവർ പിയറി ഗാസ്‌ലി ചൈനയിൽ പതിനേഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വെറ്റലും ഹാമിൽട്ടണുമാണ് ഇപ്പോഴും ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ.ആ സ്ഥാനങ്ങളിലളക്കാൻ റിക്കാർഡിയോയും ബോത്താസും ഉൾപ്പെടെയുള്ള മറ്റു ഡ്രൈവർമാർക്കാകുമോ? വരും റേസുകളിൽ അതാണറിയേണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓസ്ട്രേലിയന്‍ നായക സ്ഥാനം, തനിക്ക് താല്പര്യമുണ്ടെന്ന് പറഞ്ഞ് ആ‍രോണ്‍ ഫിഞ്ച്
Next articleഫിനിഷർ ജഡേജ