ബഹ്‌റൈൻ ഗ്രാൻഡ് പ്രി : വെറ്റൽ അതിജീവിച്ച് നേടിയ വിജയം

- Advertisement -

‘ബോറിങ് ബഹ്‌റൈൻ’, കാറോട്ട പ്രേമികൾ ഉപയോഗിച്ച് വന്ന ഈ പ്രയോഗത്തിന് അന്ത്യം. നാടകീയതയും അപ്രവചനീയതയും മുറ്റി നിന്ന ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീയിൽ ഫെറാരിയുടെ സെബാസ്റ്റിയൻ വെറ്റലിനു അതിജീവനത്തിന്റെ വിജയം. പോൾ പൊസിഷൻ നേടി ഒന്നാമത് തുടങ്ങിയ വെറ്റൽ ആദ്യ ലാപ്പുകളിൽ കുതിച്ചു പായുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ലാപ്പിൽ ഫെറാരിയുടെ തന്നെ കിമി റൈക്കണനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്കു കയറിയ മെഴ്സിഡസിന്റ വാൾട്ടറി ബോത്താസ് വെറ്റലിനു പുറകെ പാഞ്ഞു. ഗ്രിഡിൽ ഒമ്പതാം സ്ഥാനത്തു തുടങ്ങിയ നിലവിലെ ലോകചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ മികച്ച ഓവർട്ടേയ്‌ക്കിങ്ങുകളിലൂടെ ഇരുപതു ലാപ്പുകൾക്കകം ആദ്യ മൂന്നിലെത്തി.

18ആം ലാപ്പിൽ സോഫ്റ്റ് ടയറുകൾ ഘടിപ്പിക്കാൻ വേണ്ടി പിറ്റിലെത്തിയ വെറ്റൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെങ്കിലും, പുത്തൻ ടയറുകളുടെ സഹായത്താൽ ഹാമിൽട്ടണെ പിന്തള്ളുകയും, 21 ആം ലാപ്പിൽ ബോത്താസ് പിറ്റിലെത്തുകയും  ചെയ്തതോടെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു.
ഈടുറ്റ മീഡിയം ടയറുകളുടെ സഹായത്തോടെ ബോത്താസ് അവസാന ലാപ്പിൽ കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അവസാന മുന്നേറ്റത്തിൽ വിജയം വെറ്റലിനൊപ്പം നിന്നു.

ഒന്നാം സ്ഥാനം നേടാനായില്ലെങ്കിലും ബൊത്താസിനു സന്തോഷിക്കാൻ വകയുണ്ട്. സ്ഥിരമായി പോഡിയം ഫിനിഷ് നേടുന്ന ടീം മേറ്റും, നിലവിലെ ലോക ചാമ്പ്യനുമായ ലൂയിസ് ഹാമിൽട്ടനൊപ്പമെത്താവുന്ന പ്രകടനം പുറത്തെടുക്കുന്നില്ല എന്ന സ്ഥിരം വിമർശനം നേരിടുന്ന ബോത്തസിന്റെ  ക്വാളിഫിക്കേഷനിലെയും  റേസിലെയും പ്രകടനം വിമർശകരുടെ വായടപ്പിക്കുന്നതാണ്.

വെറ്റലിന്റെ വിജയത്തിനിടയിലും ഫെറാരിയെ നിരാശപെടുത്തിയ ഒരു സംഭവമുണ്ടായി, പിറ്റിൽ ടയർ മാറ്റുന്നതിന് മുൻപ് കാർ മുന്നോട്ടെടുത്തപ്പോൾ ടീം മെക്കാനിക്കിനെ തട്ടി ഉണ്ടായ അപകടം മൂലം വെറ്റലിന്റെ ടീം മേറ്റ് കിമി റൈക്കണന് റേസ് പൂർത്തിയാക്കാൻ സാധിച്ചില്ല. പിറ്റിൽ കാർ റിപ്പയറിങിനിടെ ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ കഴിഞ്ഞ ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിയിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അന്ന് ഹാസ് ഫോർമുല വൺ ടീമിന്റെ രണ്ട് ഡ്രൈവർമാർക്കും റേസ് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.

ബഹ്‌റൈനിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയത് ടോറോ റോസോ ടീമിന്റ പിയറി ഗാസ്‌ലിയാണ്. ക്വാളിഫയിങ് റൗണ്ടിലെ ആറാം സ്ഥാനം റേസിൽ നാലാം സ്ഥാനമാക്കി മാറ്റി ഗാസ്‌ലി. താരതമ്യേന പവർ കുറഞ്ഞ ഹോണ്ട എൻജിൻ കാറുപയോഗിച്ചാണ് ഇത് സ്വന്തമാക്കിയത് എന്നത് ഗാസ്‌ലിയുടെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.  ടീം ചാമ്പ്യഷിപ് ലക്ഷ്യമിടുന്ന റെഡ്ബുൾ ബഹ്‌റൈനിൽ നിരാശപ്പെടുത്തി. ഹാമിൽട്ടന്റെ കാറുമായി നടന്ന കൂട്ടിയിടിയിൽ കാർ തകർന്നതോടെ മാക്സ് വേർസ്‌തപ്പാനും എൻജിൻ തകരാർ മൂലം ഡാനിയേൽ റിക്കാർഡിയോയും മത്സരം പൂർത്തിയാക്കിയില്ല.

ഹാസ് ഫോർമുല വൺ ടീമിന്റെ കെവിൻ മാഗ്നാസൻ അഞ്ചാമത് ഫിനിഷ് ചെയ്ത് ടീമിന്റെ പോയിന്റ് അക്കൗണ്ട് തുറന്നു. അവരുടെ എൻജിൻ നിർമാതാക്കളായ ഫെറാരി, കാറിൻറെ മറ്റു ഘടകങ്ങൾ നിർമിക്കാനും വഴിവിട്ട് സഹായം ചെയ്യുന്നു എന്ന ആരോപണമുയരുന്നതിനിടെയാണ് ഹാസിന്റെ ഈ മികച്ച പ്രകടനമെന്നതും ശ്രദ്ധേയമാണ്.  ഓസ്‌ട്രേലിയൻ ഗ്രാൻഡ്പ്രീക്ക് ശേഷം കാറിൽ ചില അപ്ഗ്രേഡുകൾ വരുത്തി ഇറങ്ങിയെങ്കിലും മുൻലോകചാമ്പ്യൻ ഫെർണാണ്ടോ അലോൺസോക്ക് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

അഞ്ചാം ലോകചാമ്പ്യൻഷിപ് ലക്ഷ്യമിടുന്ന സെബാസ്റ്റിയൻ വെറ്റലിന് മികച്ച തുടക്കമാണ് ഈ സീസണിൽ ലഭിച്ചിരിക്കുന്നത്. ബഹ്‌റൈനിലെ തന്റെ അഞ്ചാം വിജയം സ്വന്തമാക്കിയ ജർമൻ താരത്തിന്, മുഖ്യ എതിരാളി ലൂയിസ് ഹാമിൽട്ടനുമേൽ 17  പോയിന്റ് ലീഡ് നേടാനും സാധിച്ചു.

ഏപ്രിൽ 15  നു നടക്കുന്ന ചൈനീസ് ഗ്രാൻഡ് പ്രിയാണ് അടുത്തത്.ചൈനയിൽ ഏറ്റവുമധികം വിജയങ്ങൾ സ്വന്തമാക്കിയ ഡ്രൈവറെന്ന ഖ്യാതിയുമായെത്തുന്ന ഹാമിൽട്ടണെ (5  തവണ) ചൈന ഒരിക്കൽ കൂടി തുണക്കുമോ?. അതോ ഓസ്‌ട്രേലിയയിലും ബഹ്‌റൈനിലും നേടിയ വിജയം വെറ്റൽ ആവർത്തിക്കുമോ?. കാത്തിരുന്നു കാണാം..

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement