ബഹ്‌റൈൻ ഗ്രാൻഡ്പ്രീ : തിരിച്ചുവരാൻ മെഴ്‌സിഡസ് , ഹാമിൽട്ടൺ 

ആവേശകരമായ ആസ്‌ത്രേലിയൻ ഗ്രാൻഡ് പ്രിക്ക് ശേഷം ഫോർമുല വൺ ബഹ്‌റൈനിലെ വരണ്ട മണ്ണിലേക്കെത്തുകയാണ്. ആസ്‌ത്രേലിയയിൽ നേടിയ ഒന്നാം സ്ഥാനത്തിന്റെ ആത്മവിശ്വാസത്തിൽ ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ ഇറങ്ങുമ്പോൾ, അവിടെ  നഷ്ടപ്പെട്ടത് ബഹ്‌റൈൻ  ഗ്രാൻഡ് പ്രിയിൽ  നേടാൻ തന്നെയായിരിക്കും നിലവിലെ ലോക ചാമ്പ്യൻ ലെവിസ് ഹാമിൽട്ടണും അദ്ധേഹത്തിന്റെ ടീം മെർസിഡസും കരുതിയിരിക്കുന്നത്.

വേഗം കൊണ്ടും എൻജിൻ  പവർ കൊണ്ടും മെഴ്‌സിഡസ് മറ്റു ടീമുകളേക്കാൾ ഒരു പടി മുന്നിലാണ്. ലെവിസ് ഹാമിൽട്ടൺ, വാൾട്ടറി ബോത്താസ് എന്നീ രണ്ട് മികച്ച ഡ്രൈവർമാരും മെഴ്‌സിഡീസിന്റെ കരുത്താണ്. ആസ്‌ത്രേലിയൻ ഗ്രാൻഡ് പ്രിക്‌സിൽ പോൾ പൊസിഷനും, ഏറ്റവും വേഗതയേറിയ ലാപും സ്വന്തം പേരിൽ എഴുതിച്ചേർക്കാനായെങ്കിലും ഹാമിൽട്ടന് ഒന്നാം സ്ഥാനം നഷ്ടമായത് ടീം ആവിഷ്കരിച്ച തന്ത്രത്തിലെ പിഴവ് മൂലമായിരുന്നു. ഒന്നാം സ്ഥാനത്തെത്തിയ ഫെറാരിയുടെ മുൻ ലോകചാമ്പ്യൻ സെബാസ്ത്യൻ വെറ്റലിന്റെ വാക്കുകൾ അത് സൂചിപ്പിക്കുന്നു “ഹാമിൽട്ടന്റെ ഡ്രൈവിംഗ് മികച്ചതായിരുന്നു. ഒന്നാം സ്ഥാനത്തെത്തിയതിൽ ഞങ്ങളെ ഭാഗ്യവും തുണച്ചിട്ടുണ്ട്”.

സെബാസ്റ്റ്യൻ വെട്ടലിനു പുറമെ വെറ്ററൻ ഡ്രൈവർ കിമി റൈക്കണൻ മൂന്നാം സ്ഥാനം നേടി ഫോമിലേക്കുയർന്നത് ഫെറാരിക്ക് മുൻ‌തൂക്കം നൽകുന്നു. 2013 നു ശേഷം ടീം കിരീടം നേടിയിട്ടില്ലാത്ത റെഡ് ബുൾ , ഡാനിയേൽ റിക്കാർഡിയോ, മാക്സ് വേർസ്ത്തപ്പാൻ എന്നീ യുവ ഡ്രൈവർമാരുമായി രംഗത്തെത്തിയിട്ടുമുണ്ട്.ആസ്‌ത്രേലിയയിൽ ഇരുവരും യഥാക്രമം 4 , 6 സ്ഥാനങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ബഹ്‌റൈനിൽ പോഡിയം ഫിനിഷിൽ കുറഞ്ഞ ലക്ഷ്യമൊന്നും ഇരുവർക്കും ഉണ്ടാകില്ല.

ഫോർമുല വൺ ആരാധകർ ഉറ്റുനോക്കുന്ന പേരാണ് ഫെർണാണ്ടോ അലോൻസോയുടെത്. കഴിഞ്ഞ 2 വർഷവും വേഗത കുറഞ്ഞ കാറുകളുമായി മത്സരിച്ച മുൻ ലോകചാമ്പ്യന് ഇത്തവണ മെച്ചപ്പെട്ട വേഗതയോടു കൂടിയ റെനാൾട്ട് എൻജിൻ കാറുകളാണ് അദ്ദേഹത്തിന്റെ ടീം മക്‌ലാറൻ നൽകിയിരിക്കുന്നത്. ആസ്‌ത്രേലിയൻ ഗ്രാൻഡ് പ്രീയിൽ റെഡ് ബുള്ളിന്റെ മാക്സ് വേർസ്ത്തപ്പാനോട് കിടമത്സരത്തിനൊടുവിൽ അഞ്ചാം സ്ഥാനം നേടാൻ കഴിഞ്ഞത് അലോൻസോയുടെ ആത്മവിശ്വാസം വർധിപ്പിക്കും.

ഫോർമുല വണ്ണിലെ ഇന്ത്യൻ സാന്നിധ്യമായ ‘സഹാറ ഫോഴ്സ് ഇന്ത്യ  ടീം’ നിരാശാജനകമായ പ്രകടനമായിരുന്നു ആസ്‌ത്രേലിയയിൽ നടത്തിയത്. ഫോഴ്സ് ഇന്ത്യ ഡ്രൈവർമാരായ സെർജിയോ പെരെസ്, എസ്തബെൻ ഒക്കൻ എന്നിവർ യഥാക്രമം 11, 12 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. 2017 സീസണിൽ  മെഴ്‌സിഡസ്, ഫെറാരി, റെഡ് ബുൾ ടീമുകൾക്ക് പിന്നിൽ നാലാമത് ഫിനിഷ് ചെയ്ത മികവാർന്ന പ്രകടനം ഈ സീസണിലും ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ് ടീം. ബഹ്‌റൈനിൽ ആദ്യ പത്തിൽ ഇടം നേടി ടീമിന്റെ പോയിന്റ് ബാങ്ക് തുറക്കുക എന്നതായിരിക്കും ലക്‌ഷ്യം.

ഫെറാറി എൻജിന്റെ സഹായത്തോടെ ആസ്‌ത്രേലിയൻ ഗ്രാൻഡ് പ്രീയിൽ ക്വാളിഫിക്കേഷൻ റേസിൽ അതിശയിപ്പിക്കുന്ന വേഗമാണ് ‘ഹാസ് ഫോർമുല വൺ ടീം നേടിയത്’. മഗ്നാസൻ,ഗ്രോസ്സ്ജീൻ എന്നീ യുവതുർക്കികൾ കടുത്ത വെല്ലുവിളിയാണ് മറ്റു ഡ്രൈവർമാർക്ക് ഉയർത്തിയത്. കാർ റിപ്പയറിങ് പിറ്റിൽ ടയർ ഘടിപ്പിക്കുന്നതിൽ വന്ന പിഴവ് മൂലം രണ്ട് ഡ്രൈവർമാർക്കും റേസ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.ഫോർമുല വൺ ആരാധകർ ഉറ്റുനോക്കുന്ന പ്രകടനമായിരിക്കും ബഹ്‌റൈനിൽ ഹാസിന്റേത്.

കഴിഞ്ഞ സീസണിൽ ഉടനീളം  കണ്ട ഹാമിൽട്ടൺ – വെറ്റൽ പോരാട്ടം ഇത്തവണയും തുടരുമെന്നതിന്റെ സൂചനയായിരുന്നു ആസ്‌ത്രേലിയൻ ഗ്രാൻഡ് പ്രി ഫലം. ഇവരെ വെല്ലുവിളിക്കാൻ മറ്റു ഡ്രൈവർമാർക്കാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഏപ്രിൽ 8 ന് നടക്കുന്ന ബഹ്‌റൈൻ ഗ്രാൻഡ് പ്രിയിൽ  തീപാറും പോരാട്ടം നടക്കുമെന്ന കാര്യത്തിൽ സംശയമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐപിഎല്‍ മത്സരം ആരംഭിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്പര്യ ഹര്‍ജി
Next articleപുതിയ ടി20 റാങ്കിംഗ് നേട്ടമുണ്ടാക്കി പാക് താരങ്ങള്‍