ലൂയിസ് ഹാമിള്‍ട്ടണ്‍: വിദൂര സാധ്യതയായി ഒരു ചാമ്പ്യന്‍ഷിപ്പ് മോഹം.

- Advertisement -

ഫോര്‍മുല വണ്‍ 2016 സീസണിലെ അവസാന റേസിലേക്ക് എത്തുമ്പോള്‍ ആരാകും വിജയി എന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞ കാര്യമാണ്. നിക്കോ റോസ്ബര്‍ഗാണ് നിലവില്‍ ചാമ്പ്യന്‍ പട്ടത്തിനു ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത്. ഹാമിള്‍ട്ടണെക്കാള്‍ 12 പോയിന്റുകള്‍ മുന്നിലുള്ള റോസ്ബര്‍ഗിനു അബുദാബി ഗ്രാന്‍ഡ്പ്രിയില്‍ മൂന്നാം സ്ഥാനം നേടിയാല്‍ കിരീടം ഉറപ്പിക്കാം. എന്നാല്‍ ലൂയിസ് ഹാമിള്‍ട്ടന്റെ കിരീടധാരണത്തിനു അദ്ദേഹം അവസാന റേസ് ജയിക്കുക മാത്രമല്ല നിക്കോ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിന്ന് പുറത്താകുകയും വേണം.

സാവോ പോളോയില്‍ കഴിഞ്ഞാഴ്ച നടന്ന ബ്രസീല്‍ ഗ്രാന്‍ഡ്പ്രി വിജയിച്ചപ്പോള്‍ ഹാമിള്‍ട്ടണ്‍ ഈ സീസണിലെ 9ാം വിജയമാണ് കരസ്ഥമാക്കിയത്. നിക്കോ റോസ്ബര്‍ഗും 9 റേസുകളിലാണ് ഈ സീസണില്‍ ജയിച്ചത്. സീസണ്‍ മുന്നോട്ട് പോയപ്പോള്‍ റോസ്ബര്‍ഗിനു ഏറെ പിന്നില്‍ പോയ ശേഷമാണ് ഹാമിള്‍ട്ടണ്‍ മികച്ച രീതിയില്‍ തിരിച്ചെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അവസാന മൂന്ന് റേസുകളിലും വിജയക്കൊടി പാറിക്കാനായി എന്നത് ഹാമിള്‍ട്ടണ് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, ഈ മൂന്ന് റേസുകളിലും രണ്ടാമതായി ഫിനിഷ് ചെയ്തത് നിക്കോ ആണന്നുള്ളത് ഹാമിള്‍ട്ടണ്‍ ആരാധകര്‍ക്ക് നിരാശയാണ് നല്‍കുന്നത്.

ഏറ്റവും കൂടുതല്‍ റേസുകള്‍ വിജയിച്ചവരുടെ പട്ടികയില്‍ മൈക്കല്‍ ഷൂമാക്കറിനു പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് സാവോ പോളോയില്‍ ഹാമിള്‍ട്ടണ്‍ എത്തിചേര്‍ന്നു. കരിയറില്‍ 91 വിജയങ്ങളുള്ള ഷൂമാക്കറിനു പിന്നില്‍ 52 വിജയങ്ങളുമായി ലൂയിസ് ഹാമിള്‍ട്ടണ്‍ നില്‍ക്കുമ്പോളും മെഴ്സിഡെസുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പഴയ നിലയിലല്ല എന്ന് വേണം മനസ്സിലാക്കാന്‍. സീസണില്‍ മൂന്ന് തവണയാണ് അദ്ദേഹത്തിനു എഞ്ചിന്‍ പരാജയം മൂലം റേസ് മതിയാക്കേണ്ടി വന്നിട്ടുള്ളത്, അതില്‍ മലേഷ്യന്‍ ഗ്രാന്‍ഡ്പ്രിയില്‍ റേസില്‍ ലീഡ് ചെയ്യുമ്പോളാണ് ഇത് സംഭവിച്ചത്.

സംഭവത്തിനെക്കുറിച്ച് ഹാമിള്‍ട്ടണ്‍ പ്രതികരിച്ചത് ഇങ്ങനെയാണ് : “ബാഴ്സലോണയിലെ, ഞങ്ങള്‍ രണ്ട് പേരും പൂര്‍ത്തിയാക്കാത്ത റേസ് ഒഴികെ ബാക്കിയെല്ലാ റേസുകളും നിക്കോയ്ക്ക് പൂര്‍ത്തിയാക്കാനായി. എനിക്ക് ചെയ്യാനാകുന്നത് ഞാന്‍ ചെയ്യുന്നുണ്ട്. ടീം എനിക്ക് മികച്ച കാര്‍ തന്നെയാണ് തരുന്നത്. വിജയിക്കുന്നതിനായി എന്റെ പൂര്‍ണ്ണ പരിശ്രമം ഞാന്‍ പുറത്തെടുക്കും. തല്‍ക്കാലം, ഞാന്‍ ഓരോ നിമിഷവും ആഘോഷിക്കുകയാണ്.”

നവംബര്‍ 27നു അബുദാബിയിലെ റേസിനിടെ മെഴ്സിഡസ് ടീമംഗങ്ങളില്‍ ആര്‍ക്കെങ്കിലും എഞ്ചിന്‍ പരാജയം സംഭവിക്കുകയാണെങ്കില്‍ മെഴ്സിഡസില്‍ അതൊരു പുതിയ വിവാദത്തിനു തുടക്കമാകുമെന്ന് തീര്‍ച്ച.

റോസ്ബര്‍ഗിന്റെയും ഹാമിള്‍ട്ടന്റെയും ഈ സീസണിലെ പ്രകടനം (ചിത്രം ബിബിസി-യില്‍ നിന്ന്)

_92429318_hamilton_rosberg_starts_new-png

Advertisement