
2017 F1 സീസണില്‍ ഫെരാരിയ്ക്കും വെറ്റലിനും സ്വപ്നതുല്യമായ തുടക്കം. ഏറെക്കാലമായി മെഴ്സിഡെസ് ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഈ മത്സരയിനത്തില്‍ ഇത്തവണ തങ്ങള്‍ കാഴ്ചക്കാരായി ഇരിക്കാന്‍ വന്നതല്ലെന്നാണ് ഫെരാരിയും വെറ്റലും മെല്‍ബേണില്‍ കാണിച്ച് തന്നത്. രണ്ടാം സ്ഥാനം നേടിയ ലൂയിസ് ഹാമിള്ട്ടണിനെക്കാള് 10 സെക്കന്‍ഡ് മുന്നിലായാണ് വെറ്റല്‍ ഫിനിഷ് ചെയ്തത്. 18 മാസങ്ങള്‍ക്ക് ശേഷമാണ് സെബാസ്റ്റ്യന്‍ വെറ്റല്‍ ഫോര്‍മുല വണ്ണില്‍ വിജയം സ്വന്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം വെറ്റല്‍ മൂന്നാം സ്ഥാനത്താണ് ഓസ്ട്രേലിയയില്‍ ഫിനിഷ് ചെയ്തത്.
തന്റെ കരിയറിലെ 62ാമത് പോള്‍ പൊസിഷനിലാണ് ലൂയിസ് ഹാമിള്ട്ടണ് റേസ് ആരംഭിച്ചത്. രണ്ടാം സ്ഥാനംവും മൂന്നാം സ്ഥാനവും മെഴ്സിഡെസിനാണ് ലഭിച്ചത്. മൂന്നാം സ്ഥാനം വാള്‍ട്ടേരി ബോട്ടാസിനാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഹാമിള്‍ട്ടണിന്റെ ടീം മേറ്റും ബദ്ധ വൈരിയുമായ നിക്കോ റോസ്ബര്‍ഗ് ആയിരുന്നു ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ്പ്രീ ജേതാവ്. 2016 സീസണില്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ ശേഷം റോസ്ബര്‍ഗ് വിരമിയ്ക്കുകയായിരുന്നു.
കണ്‍സ്ട്രക്ടേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ 37 പോയിന്റുമായി ഫെരാരിയാണ് ഇപ്പോള്‍ മുന്നില്‍. കിമി റൈക്കണനിനു നാലാം സ്ഥാനം ലഭിച്ചതിന്റെ ആനുകൂല്യത്തില്‍ ലഭിച്ച 12 പോയിന്റുകളും വെറ്റലിന്റെ ഒന്നാം സ്ഥാനത്തിന്റേതായ 25 പോയിന്റും ചേര്‍ന്നതാണിത്. മെഴ്സിഡസിനു 33 പോയിന്റുകളാണുള്ളത്. റെഡ് ബുള്ളിന്റെ മാക്സ് വെര്സ്റ്റാപ്പെന് അഞ്ചാം സ്ഥാനവും ഫെലിപ്പേ മാസ ആറാം സ്ഥാനവും കൊണ്ട് തൃപ്തിപ്പെട്ടു. ഫോഴ്സ് ഇന്ത്യയുടെ സെര്‍ജിയോ പെരേസ് ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.