നെഹ്റു കപ്പ്; എം.എസ്.പിയെ അട്ടിമറിച്ച് ഒളവട്ടൂർ യതീംഖാനാ സ്കൂൾ ക്വാർട്ടറിൽ

- Advertisement -

കോയമ്പത്തൂർ: നെഹ്റു കോളജിൽ നടക്കുന്ന അഞ്ചാമത് നെഹ്റു കപ്പ് ആൾ ഇന്ത്യാ ഇന്റർ സ്കൂൾ ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്ന് നടന്ന പ്രീ ക്വാർട്ടർ മത്സരങ്ങളിൽ കേരളത്തിൽ നിന്നുള്ള നാല് ടീമുകൾ തമ്മിൽ മത്സരിച്ചപ്പോൾ ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ്സിനും ഒളവട്ടൂർ എച്ച്.ഐ.ഒ.എച്ച്.എസ്.എസ്സിനും വിജയം.
ഇന്ന് കാലത്ത് നടന്ന ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ ഗവ. ഫുട്ബോൾ ഹോസ്റ്റലിന്റെ പിൻബലത്തിലിറങ്ങിയ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിനെ ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് ടൈബ്രേക്കറിലൂടെ മറികടന്നത് തങ്ങളുടെ സ്വകാര്യ ഫുട്ബോൾ ഹോസ്റ്റലിന്റെയും ഐ ലീഗ്. ടീമായ ഗോകുലം എഫ്.സിയുടെ ജൂനിയർ നിരയുടെയും ശക്തിയിലായിരുന്നു. ഇന്ന് കോഴിക്കോട് റിലയൻസ് യൂത്ത് ഫൗഡേഷൻ ടൂർണ്ണമെന്റിലും മത്സരമുണ്ടായിരുന്നതിനാൽ ചേലേമ്പ്ര ജി.വി.രാജയ്ക്കെതിരെ കോയമ്പത്തൂരിൽ തങ്ങളുടെ രണ്ടാം നിരയെയാണ് ഇറക്കിയിരുന്നത്.

ഇന്ന് കാലത്ത് പത്ത് മണിക്ക് നടന്ന രണ്ടാം പ്രീ ക്വാർട്ടറിലാണ് ടൂർണ്ണമെന്റിലെ ഏറ്റവും വലിയ അട്ടിമറി നടന്നത്. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നുള്ള ഒളവട്ടൂർ ഹയാത്തുൽ ഇസ്ലാം യതീംഖാന ഹയർ സെക്കന്ററി സ്കൂളാണ് ശക്തമായ പോരാട്ടത്തിനൊടുവിൽ ടൈബ്രേക്കറിൽ ഗവ. ഫുട്ബോൾ ഹോസ്റ്റലിന്റെയും, ഉന്നത കാൽപന്ത് പാരമ്പര്യത്തിന്റെയും ശക്തി വിളിച്ചോതി ടൂർണ്ണമെന്റിനെത്തിയ നിലവിലെ ചാമ്പ്യൻസ് മലപ്പുറം എം.എസ്.പി എച്ച്.എസ്.എസ്സിനെ അട്ടിമറിച്ചത്.

ഈ വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി തെരെഞ്ഞെടുക്കപ്പെട്ട അനസ് എടത്തൊടികയുടെ സ്വന്തം നാടായ കൊണ്ടോട്ടി മുണ്ടപ്പലത്തുകാരായ സ്റ്റോപ്പർ ബാക്ക് വി.നിഷാദും, ഹാഫ് ബാക്ക് ടി.പി സാക്കിറും, ഫോർവേർഡ് എം.കെ മുൻഷാദുമാണ് ഒളവട്ടൂർ യതീംഖാനാ സ്കൂളിന്റെ പ്രധാന ശക്തിദുർഗ്ഗങ്ങളായത് ഇവർ മൂന്നു പേരും മലപ്പുറം ജില്ലാ ലീഗ് ഫുട്ബോളിൽ ഏറനാട് ഫൈറ്റേഴ്സ് മിഷൻ എഫ്.സി മഞ്ചേരിക്ക് വേണ്ടി ബൂട്ടണിയുന്നവരാണ്.

കഴിഞ്ഞ ദിവസം ടൂർണ്ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മുൻഷാദ് എം.കെ നേടിയ എണ്ണം പറഞ്ഞ നാല് ഗോളുകളിലൂടെയാണ് ഒളവട്ടൂർ 4 – 1 ന് നെയ് വേലി ജവഹർ എച്ച്.എസ്.എസ്സിനെ തകർത്തെറിഞ്ഞതെങ്കിൽ ഇന്ന് അവർ എം.എസ്.പിക്കെതിരെ വിജയം കണ്ടത് കളിയിലുടനീളം സ്റ്റോപ്പർ ബാക്ക് നിഷാദ് നടത്തിയ ശക്തമായ ചെറുത്ത് നിൽപ്പിലൂടെയും സമനിലയെ തുടർന്ന് നടന്ന ടൈബ്രേക്കറിൽ ഗോൾകീപ്പർ വേഷമണിഞ്ഞ കളിയിലുടനീളം മികച്ച ഹാഫ് ബാക്കായി തിളങ്ങിയിരുന്ന ടി.പി സാക്കിർ എതിരാളികളുടെ ഒരു സ്പോട്ട് കിക്ക് തടുത്തിട്ടതിലൂടെയുമാണ്.

നാളെ കാലത്ത് ക്വാർട്ടർ ഫൈനലിൽ ഒളവട്ടൂർ യതീഖാന സ്കൂൾ മധുരൈ സ്പോർട്സ് ഡിവിഷനെയും ചേലേമ്പ്ര എൻ.എൻ.എം എച്ച് എസ്.എസ്സ് കൃഷ്ണ ഗിരി സ്പോർട്സ് സ്കൂളിനെയും നേരിടും. സെമി ഫൈനലുകളും നാളെ നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement