
ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച താര പട്ടം അണിഞ്ഞ് നിൽക്കുന്ന കൊണ്ടോട്ടി മുണ്ടപ്പലത്തുകാരൻ അനസ് എടത്തൊടികയുടെ ഉറ്റവരിൽ ഉറ്റ സുഹൃത്തും അയൽവാസിയുമായ യാഷിഖ് പാണാളിയിലൂടെ മലപ്പുറത്തിന്റെയും കൊണ്ടോട്ടിയുടെയും ഫുട്ബോൾ വിലാസം അങ്ങ് അറ്റ്ലാന്റിക് സമുദ്രവും കടന്ന് കാനഡയിലും എത്തി നിൽക്കുന്നു.
കഴിഞ്ഞ രണ്ട് വാരമായി കാനഡയുടെ തലസ്ഥാന നഗരമായ ടോറന്റോയിൽ നടന്നു വന്ന നാലാമത് നോർത്ത് അമേരിക്കൻ – ഇന്ത്യൻ സോക്കർ ടൂർണ്ണമെന്റിൽ യാഷിഖ് പാണാളി എന്ന കൊണ്ടോട്ടി മുണ്ടപ്പലത്ത് നിന്നുള്ള താരത്തിന്റെ പ്രകടനം കനേഡിയൻ ഇന്ത്യൻ സമൂഹത്തിൽ കേരള ഫുട്ബോളിന്റെ യശസ്സുയർത്ത തക്കതായി.
യു.എസ്.എ, കാനഡ, മെക്സിക്കോ തുടങ്ങിയ വടക്കൻ അമേരിക്കൻ രാജ്യങ്ങളിലെ ഇന്ത്യൻ വംശജരായ പൗരന്മാരും അവിടങ്ങളിൽ തൊഴിൽ തേടിയോ വിദ്യാർത്ഥികളായോ എത്തിയ ഇന്ത്യക്കാരും ഉൾപ്പെട്ട വലിയ ഒരു പ്രവാസി – സ്വദേശി സമൂഹത്തെ പ്രതിനിധീകരിച്ചാണ് ഈ ടൂർണ്ണമെന്റ് നടത്തപ്പെടുത്. വടക്കേ അമേരിക്കൻ വൻകരയിലെ രാജ്യങ്ങളിൽ നിന്നുള്ള മികച്ച പന്ത്രണ്ട് ഇന്ത്യൻ ടീമുകൾ നാല് ഗ്രൂപ്പുകളിലായി പ്രാഥമിക ലീഗും തുടർന്ന് എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിലും നാല് ടീമുകൾ സെമി ഫൈനലിലും നോക്കൗട്ട് അടിസ്ഥാനത്തിൽ ഏറ്റുമുട്ടിയാണ് ഈ ടൂർണ്ണമെൻറിലെ ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്നത്.
ടൂർണ്ണമെൻറിന് ആതിഥ്യമരുളിയ കനേഡിയൻ തലസ്ഥാന നഗരമായ ടോറന്റോയിലെ റോയൽ കേരളാ എഫ്.സിയ്ക്ക് വേണ്ടിയാണ് യാഷിഖ് പാണാളി ബൂട്ട്സണിഞ്ഞത്. ഫൈനലടക്കം അഞ്ച് മത്സരങ്ങളിലും യാഷിഖ് തികച്ചും ഇന്ത്യൻ ഫുട്ബോളിലെ മലപ്പുറം മിടുക്ക് കാണിച്ചു ആദ്യ മൂന്നു മത്സരങ്ങളിലും ടീമിന്റെ റൈറ്റ് വിങ്ങ് ബാക്ക് പൊസിഷനിൽ കളിച്ചു കൊണ്ട് അറ്റാക്കിങ്ങ് ഡിഫൻസിന്റെ മനോഹാര്യത പ്രദർശിപ്പിച്ചു.
ടീമിന്റെ സ്റ്റോപ്പർ ബാക്കിന് പരിക്കേറ്റതോടെ യാഷിഖിനെയാണ് സെമിയിലും ഫൈനലിലും കോച്ച് ആ സ്റ്റോപ്പർ ബാക്ക് പൊസിഷനിൽ പരീക്ഷിച്ചത്. അത് വലിയ വിജയവുമായി. ഫൈനൽ മത്സരം യു.എസ്.എ യിൽ നിന്നുളള ന്യൂയോർക്ക് ഇന്ത്യൻ ഇലവനുമായിട്ടായിരുന്നു. ഫൈനൽ മത്സരത്തിലെ ഒരു അനിവാര്യ ഘട്ടത്തിൽ യാഷിഖ് നടത്തിയ അതി കഠിനമായ ഒരു ടാക്ലിങ്ങിന് റഫറി യാഷിഖ് പാണാളിക്കു നേരെ ചുവപ്പ് കാർഡെടുത്തതാണ് ടീം രണ്ടാം സ്ഥാനക്കാരായിപ്പോയതിന് കാരണമെന്ന് കാനഡയിലെ മലയാളികൾ വിലയിരുത്തപ്പെടുന്നു.
കൊണ്ടോട്ടി മുണ്ടപ്പലം പാണാളി മുഹമ്മദ് സുഹറ ദമ്പതികളുടെ മകനാണ് യാഷിഖ്. ടോറന്റോയിലെ പ്രസിദ്ധമായ സെന്റ് ലോറൻസ് കോളജിൽ സ്കോളർഷിപ്പോടെ എം.ബി.എ ചെയ്ത് വരികയാണ്.
നേരത്തെ അനസ് എടത്തൊടിക കളിച്ചു വളർന്ന കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻറി സ്കൂൾ ടീമിലൂടെ അതേ പരിശീലകന്റെ കീഴിൽ കളിയാരംഭിച്ച് ബി ബി എ ബിരുദ പഠന കാലത്ത് കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ടീമിന്റെ ക്യാപ്റ്റനായിക്കൊണ്ട് കോളജിനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോളിലും മലപ്പുറം ജില്ലാ ഫുട്ബോളിലും ചില എണ്ണം പറഞ്ഞ ടൂർണ്ണമെന്റ് വിജയങ്ങളിൽ ചുക്കാൻ പിടിച്ച താരമായിരുന്നു പഠനത്തിലും കളിയിലും മിടുക്കനായ യാഷിഖ് പാണാളി. പെരിന്തൽമണ്ണയിൽ നിന്നുള്ള നിഷാദാണ് യാഷിഖിന് പുറമെ ടീമിലെ മറ്റൊരു മലപ്പുറത്തുകാരൻ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial