റഷ്യ ലക്ഷ്യം വച്ച് വമ്പന്മാർ കളത്തിലിറങ്ങുന്നു, നെതര്‍ലാന്‍ഡ്സും ഫ്രാൻസും ഇന്ന് നേർക്കുനേർ

യൂറോപ്പിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് എ-യിലെ സൂപ്പർ പോരാട്ടത്തിലേക്കാവും ഇന്ന് ലോകത്തിന്റെ കണ്ണ്. കഴിഞ്ഞ മത്സരത്തിൽ എതിരാളികളെ തകർത്ത് വിട്ട നെതര്‍ലാന്‍ഡ്സും ഫ്രാൻസും വിജയം തന്നെയാവും ലക്ഷ്യം വയ്ക്കുക. യൂറോകപ്പിലേക്ക് യോഗ്യത നേടാനാവാത്തതിന്റെ നാണക്കേട് മാറ്റാനിറങ്ങുന്ന നെതര്‍ലാന്‍ഡ്സിനു തിരിച്ചടിയാവുക പരിക്കുകൾ തന്നെയാവും. പരിക്കേറ്റ ആര്യൻ റോബന്റെ അഭാവം ടീമിനെ ബാധിക്കാതെ നോക്കാൻ കഴിഞ്ഞ മത്സരത്തിൽ ഡെയ്ലി ബ്ലിന്‍ഡിന്റെ ടീമിനായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ വെസ്ലി സ്നൈഡറിന്റെ അഭാവം ടീമിനു വലിയ തിരിച്ചടിയായേക്കും. യൂറോകപ്പ് ഫൈനലിലെ നിരാശ മാറ്റാൻ ഇറങ്ങുന്ന മികച്ച ഫോമിലുള്ള ഫ്രാൻസ് ടീം പോൾ പോഗ്ബയിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കളിയിൽ പരാജയപ്പെട്ട പോൾ പോഗ്ബയിൽ നിന്ന് ഇതിലും കൂടുതൽ പ്രതീക്ഷിക്കുന്നതായി ഫ്രാൻസ് കോച്ച് പറഞ്ഞിരുന്നു. ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടമായതിനാൽ ഇരു ടീമുകളും എന്ത് വില കൊടുത്തും ജയിക്കാനാവും ശ്രമിക്കുക. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്വീഡൻ ബൾഗേറിയയേയും നേരിടും. ഇരു മത്സരങ്ങളും ചൊവ്വാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 12.15 നാണ് നടക്കുക.

ഗ്രൂപ്പ് ബിയിൽ ദുർബലരായ ഫറോ ദ്വീപുകാർക്കെതിരെ വമ്പൻ വിജയമാവും യൂറോപ്പിയൻ ചാമ്പ്യന്മാരായ പോർച്ചുഗൽ ലക്ഷ്യം വയ്ക്കുക. കഴിഞ്ഞ കളിയിൽ ദുർബലരായ അണ്ടോറയെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 4 ഗോൾ മികവിൽ 6 ഗോളിനു മുക്കിയ പോർച്ചുഗലിൽ നിന്ന് സമാനമായ പ്രകടനം ഇന്നും പ്രതീക്ഷിക്കാം. നാട്ടിൽ വമ്പൻ തോൽവി ഒഴിവാക്കുകയാവും ഫറോ ദ്വീപുകാരുടെ ലക്ഷ്യം. ഗ്രൂപ്പിലെ മറ്റൊരു മത്സത്തിൽ ആദ്യ കളിയിൽ പോർച്ചുഗലിനെ തോൽപ്പിച്ച സ്വിസ്സർലാന്‍ഡ് ടീം അണ്ടോറക്കെതിരെ വലിയ വിജയമാവും ലക്ഷ്യം വക്കുക. സസ്പെന്‍ഷനില്‍ നിന്ന് ആർസനൽ താരം ഷാക്ക മടങ്ങി വരുന്നത് സ്വിസ് ടീമിനു കരുത്താവും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ലാത്വിവ ഹംഗറിയേയും നേരിടും. ചൊവ്വാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 12.15 നാണ് മത്സരങ്ങൾ.

ഗ്രൂപ്പ് എച്ചിലെ ഒന്നാം സ്ഥാനത്തിനായി ഇറങ്ങുന്ന ബെൽജിയത്തിന്റെ എതിരാളികൾ ദുർബലരായ ഗിൽബ്രാറ്റാറാണ്. പരുക്കേറ്റ കെവിൻ ‍ഡിബ്രുയന്റെ അഭാവത്തിലും ശക്തരായ ബോസ്നിയയെ കഴിഞ്ഞ കളിയിൽ എകപക്ഷീയമായ 4 ഗോളുകൾക്ക് തകർത്ത ആത്മവിശ്വാസത്തോടെയാകും റോബർട്ടോ മാർട്ടിനസിന്റെ ടീം ഇറങ്ങുക. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർവോൻ ഫെല്ലയിനിയെ സസ്‌പെൻഷൻ കാരണം നഷ്ടമാവുമെങ്കിലും ടീമിനു അത് വലിയ പ്രശ്നമാവില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെൽജിയത്തോടേറ്റ കനത്ത പരാജയത്തിൽ നിന്ന് കരകയറാനാവാനാവും ബോസ്നിയ സ്വന്തം കാണികൾക്ക് മുമ്പിൽ സൈപ്രസിനെതിരെ ശ്രമിക്കുക. ഗ്രൂപ്പിലെ മറ്റ് മത്സരത്തിൽ മുൻ യൂറോപ്യൻ ചാമ്പ്യന്മാരായ ഗ്രീസിന്റെ എതിരാളികൾ എസ്റ്റോണിയയാണ്. ഈ മത്സരങ്ങൾ ചൊവ്വാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 12.15 നാണ് നടക്കുക.

പ്രധാനപ്പെട്ട മത്സരങ്ങൾ സോണി സിക്സ്,സോണി ഇ.എസ്.പി.എൻ ചാനലുകളിൽ തൽസമയം കാണാവുന്നതാണ്.