വനിതാ ഐ ലീഗ്, ഇനി അവസാന അങ്കം!

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ വനിതാ ഐ ലീഗിന് അവസാന ടീമുകളായി. ഒഡീഷയിൽ നടന്ന രണ്ടാം ഘട്ട യോഗ്യതാ റൗണ്ടും കഴിഞ്ഞതോടെയാണ്  ഫൈനൽ റൗണ്ടിലേക്കുള്ള പത്തു ടീമുകളുമായത്. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഒഡീഷ ടീം റൈസിംഗ് സ്റ്റുഡന്റ്സും മണിപ്പൂർ ടീമായ ഈസ്റ്റേൺ സ്പോർട്ടിംഗ് യൂണിയനും ഐ ലീഗ് ഐഎസ്എൽ ക്ലബുകളായ ബാക്കി എട്ടു ടീമുകൾക്കൊപ്പം ആദ്യ വനിതാ ഐ ലീഗിൽ ബൂട്ടുകെട്ടും.

1stheading

യോഗ്യതാ റൗണ്ട്, ഒന്നാം ഘട്ടം

ഇന്ത്യൻ കായിക മേഖലയിലെ എല്ലാ ഭാഗത്തും വനിതകൾ തിളങ്ങി നിൽക്കുന്ന സമയത്താണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വനിതാ ഐ ലീഗ് തുടങ്ങാൻ തീരുമാനിക്കുന്നത്. ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം ഇപ്പോ 137ാം സ്ഥാനത്ത് റാങ്കിംഗിൽ എത്തിയെങ്കിലും ഒരിക്കൽ പോലും റാങ്കിംഗിൽ നൂറിനു പിറകിലേക്ക് ഇറങ്ങാത്ത ഒരു വനിതാ ഫുട്ബോൾ ടീം ഇന്ത്യക്കുണ്ട്. ഇപ്പോ 57ാം സ്ഥാനത്തുള്ള ഈ ടീമിനെ 2018ലെ ഏഷ്യാ കപ്പിൽ എത്തിക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ടാണ് എഐഎഫ്എഫ് വനിതാ ഐ ലീഗ് ആരംഭിക്കാൻ തീരുമാനിച്ചത്.

മൂന്നു റൗണ്ടുകളായി നടത്താൻ തീരുമാനിച്ച ഐ ലീഗിന്റെ ആദ്യ ഘട്ടമായി സംസ്ഥാന തലത്തിലായിരുന്നു യോഗ്യതാ മത്സരങ്ങൾ നടന്നത്. ആദ്യ വനിതാ ലീഗിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ച 10 സംസ്ഥാനങ്ങളിൽ നിന്നു ഒരോ ടീമിനെ വീതം കണ്ടെത്തി രണ്ടാം റൗണ്ടിൽ മത്സരിക്കാൻ വേണ്ടി ഒഡീഷയിലേക്ക് അയക്കുകയായിരുന്നു.

ഒഡീഷയിലെ യോഗ്യതാ റൗണ്ട്

ഗ്രൂപ്പ് 1: റോയൽ വാഹിംഗ്ദോഹ്, അലക്പുര എഫ് സി, റൈസിംഗ് സ്റ്റുഡന്റ്സ്, ക്വാർട്ട്സ് എസ്‌ സി, ബോഡിലൈൻ

ഗ്രൂപ്പ് 2: ഈസ്റ്റേൺ സ്പോർട്ടിംഗ് യൂണിയൻ, ക്രിപ്സ, ജെപ്പിയാർ ഇൻസ്റ്റിറ്റ്യൂട്ട്, സുദേവ, യുപി എഫ് സി

ഒന്നാം ഗ്രൂപ്പിൽ റൈസിംഗ് സ്റ്റുഡന്റ്സ്

risingstudent

യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ട മത്സരങ്ങൾ പതിനേഴാം തീയതിയാണ് ഒഡീഷയിലെ കട്ടക്കിൽ ആരംഭിച്ചത്. രണ്ടു ഗ്രൂപ്പുകളിൽ താരതമ്യേന ശക്തമായ ഗ്രൂപ്പായിരുന്നു ഒന്നാം ഗ്രൂപ്പ്. രണ്ടു തവണ മുംബൈ വനിതാ ലീഗ് സ്വന്തമാക്കിയ ബോഡിലൈൻ, ആതിഥേയരായ റൈസിംഗ് സ്റ്റുഡന്റ്സ്, കേരളത്തെ പ്രതിനിധീകരിക്കുന്ന ക്വാർട്ട്സ് എസ്‌ സിയിലെ‌ വനിതകൾ, മണിപ്പൂരിൽ വിസ്മയം സൃഷ്ടിച്ച അലക്പുര എഫ് സി തുടങ്ങി വലിയ ടീമുകൾ തന്നെ ഒന്നാം ഗ്രൂപ്പിൽ അണിനിരന്നു. എന്നിട്ടും മുഴുവൻ മത്സരങ്ങളും ജയിച്ച് 12 പോയന്റും നേടി ആതിഥേയരായ റൈസിംഗ് സ്റ്റുഡന്റ്സ് ആദ്യ ഐ ലീഗ് ബർത്ത് ഉറപ്പിച്ചു.

നാലു കളികളിൽ നിന്ന് 25 ഗോളുകൾ നേടിയ റൈസിംഗ് സ്റ്റുഡന്റ്സ് ആകെ തിരിച്ചു വാങ്ങിയത് ക്വാർട്ട്സ് എസ്‌ സിയുടെ മൻപ്രീത് അടിച്ച ഒരേയൊരു ഗോളായിരുന്നു. റൈസിംഗ് സ്റ്റുഡന്റ്സിനു വേണ്ടി പ്യാരി, റോയൽ വാഹിംഗ്ദോഹിനെതിരെ നേടിയ ഏഴു ഗോളുകൾ ഉൾപ്പെടെ, പത്തു ഗോളുകളാണ് ഒഡീഷയിൽ അടിച്ചുകൂട്ടിയത്. അലക്പുര ഒരു തോൽവി മാത്രമറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ രണ്ടു വിജയവും രണ്ടു തോൽവിയുമായി 6 പോയന്റോടെ ക്വാർട്ട്സ് മൂന്നാം സ്ഥാനത്തായി. ഒരു ഗോളു പോലും നേടാതെ 46 ഗോളുകൾ യോഗ്യതാ റൗണ്ടിൽ ആകെ വാങ്ങികൂട്ടിയ റോയൽ വാഹിംഗ്ദോഹ് പോയന്റു പട്ടികയിൽ അവസാനത്തായി.

രണ്ടാം ഗ്രൂപ്പിൽ ഈസ്റ്റേൺ സ്പോർട്ടിംഗ്

easternsporting

ഡൽഹി ക്ലബായ സുദേവ സ്പോർട്സ് പിന്മാറിയതോടെ നാലു ടീമുകളായി ചുരുങ്ങിയ ഗ്രൂപ്പ് രണ്ടിൽ  ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം പോണ്ടിച്ചേരി ക്ലബായ ജെപ്പിയാർ ഇൻസ്റ്റിറ്റ്യൂട്ടും മണിപ്പൂർ ടീമായ ഈസ്റ്റേൺ സ്പോർട്ടിംഗ് യൂണിയനും തമ്മിലായിരുന്നു. ഗ്രൂപ്പിലെ മറ്റു രണ്ടു മത്സരങ്ങളും അനായാസം ജയിച്ച ഇരുടീമുകളും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ തീപാറി. അവസാനം 3-2 എന്ന സ്കോറിന് യോഗ്യതാ റൗണ്ടിലെ ഏറ്റവും പോരാട്ടവീര്യം കണ്ട മത്സരത്തിൽ ഈസ്റ്റേൺ സ്പോർട്ടിംഗ് വിജയിക്കുകയായിരുന്നു. മൂന്നു കളികളും ജയിച്ച് മുഴുവൻ പോയന്റും നേടിയാണ് ഈസ്റ്റേൺ സ്പോർട്ടിംഗ് ഐ ലീഗ് ടിക്കറ്റ് ഉറപ്പിച്ചത്. ഈസ്റ്റേണു വേണ്ടി മന്ദാകിനിയും പ്രമിദേവിയും മികച്ച പ്രകടനമാണ് ഒഡീഷയിൽ കാഴ്ചവെച്ചത്. ഗ്രൂപ്പ് രണ്ടിലെ സമ്പൂർണ്ണ പരാജയം യുപി എഫ് സിക്കായിരുന്നു. 36 ഗോളുകൾ വഴങ്ങിയ യുപി എഫ് സി അവസാന മത്സരത്തിൽ ജെപ്പിയാറിനോടു മാത്രം വഴങ്ങിയത് 16 ഗോളുകളായിരുന്നു.

കേരളത്തിന്റെ ക്വാർട്ട്സ്

quartz

യോഗ്യതാ റൗണ്ടിൽ വൻ പ്രതീക്ഷയുമായാണ് കേരളത്തിന്റെ പ്രതിനിധിയായ ക്വാർട്ട്സ് എസ്‌ സി ഒഡീഷയിലേക്ക് വണ്ടി കയറിയത്. ആദ്യ മത്സരത്തിൽ 5-0 എന്ന സ്കോറിന് അലക്പുര എഫ് സിയോടും രണ്ടാം മത്സരത്തിൽ 5-1 എന്ന സ്കോറിന് റൈസിംഗ് സ്റ്റുഡന്റ്സിനോടും പരാജയപ്പെട്ടാണ് ക്വാർട്ട്സ് തുടങ്ങിയത്. ഐ ലീഗ് യോഗ്യത എന്ന‌ സ്വപ്നം ആദ്യമേ അവസാനിച്ചു എങ്കിലും പരാജയങ്ങളിൽ നിന്ന് വളരെ ശക്തമായാണ് ക്വാർട്ട്സ് തിരിച്ചു വന്നത്.

92ാം മിനുട്ടിൽ മംത നേടിയ ഗോളിലൂടെ ശക്തരായ‌ ബോഡിലൈനിനെ തോല്‍പ്പിച്ച ക്വാർട്ട്സ് എതിരില്ലാത്ത ആറു ഗോളുകളാണ് റോയൽ വാഹിംഗ്ദോഹ് വലയിൽ അവസാന‌ മത്സരത്തിൽ നിറച്ചത്. മൻപ്രീത് ഹാട്രിക് നേടിയ മത്സരത്തിൽ രെഷ്മി കുമാരി ആയിരുന്നു പ്ലയർ ഓഫ് ദി മാച്ച്. യോഗ്യതാ റൗണ്ടിലായി മൻപ്രീത് നാലും മംത‌ രണ്ടു ഗോളുകളും ആകെ ക്വാർട്ട്സിനു വേണ്ടി നേടി. യോഗ്യത നേടാനായില്ലെങ്കിലും തലയുയർത്തി തന്നെ കേരളത്തിലേക്ക് വരാം ക്വാർട്ട്സ് എസ്‌ സിക്ക്.

അലക്പുര ഒഡീഷയിൽ പൂർത്തിയാകാത്ത കഥ

alakhpura

റൈസിംഗ് സ്റ്റുഡന്റ്സിന്റെ പ്യാരി, യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സഞ്ജു, ഈസ്റ്റേൺ സ്പോർട്ടിംഗിന്റെ മന്ദാകിനി തുടങ്ങി ഒട്ടേറെ മികച്ച പ്രകടനങ്ങൾ കണ്ട ഒഡീഷയിൽ പക്ഷെ അറിയേണ്ട കഥ അലക്പുര എഫ് സിയുടേതാണ്. ഹരിയാനയിലെ ബിവാനി ജില്ലയിലെ അലക്പുര ടീം. 150 സ്കൂൾ വിദ്യാർത്ഥികൾ ചേര്‍ന്ന് തുടങ്ങിയ ക്ലബ്. യാത്രാ ചിലവിന് വേണ്ടി നാട്ടുകാരോട് പിരിവെടുത്ത് കല്ല് ഗോൾ പോസ്റ്റാക്കി പരിശീലിച്ച വനിതാ ടീം. ഹരിയാനയിൽ നിന്ന് ഐ ലീഗ് യോഗ്യതയിൽ കളിക്കാൻ വരുന്ന ഒരേയൊരു ടീമാകാൻ ഈ വനിതകൾ ഒരുപാട് കഷ്ടപെട്ടു.

യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമായ അലക്പുര എഫ് സിക്ക് കാലിടറിയത് ആകെ റൈസിംഗ് സ്റ്റുഡന്റ്സിനെതിരെ‌ മാത്രമായിരുന്നു. ഒരൊറ്റ പരാജയം ഇവരെ ഐലീഗ് എന്ന ലക്ഷ്യത്തിൽ എത്താതെ മടക്കുകയായിരുന്നു. യോഗ്യതാ റൗണ്ടിലെ ടോപ്സ്കോറർ അലക്പുര എഫ് സിയുടെ സഞ്ജു ആണ്.

ഇനി ആദ്യ വനിതാ ഐ ലീഗ്

ഇനി ആദ്യ വനിതാ ഐ ലീഗാണ്. യോഗ്യതാ റൗണ്ട് ജയിച്ചു വന്ന റൈസിംഗ് സ്റ്റുഡന്റ്സ് ക്ലബും മണിപ്പൂരിന്റെ‌ ക്ലബ് ഈസ്റ്റേൺ സ്പോർട്ടിംഗ് യൂണിയനും ഫൈനൽ റൗണ്ടിൽ ഐ ലീഗ് ഐഎസ്എൽ ക്ലബുകളുടെ കൂടെ ലീഗ് ഫോർമാറ്റിൽ മത്സരിക്കും. ഐ ലീഗ് ക്ലബുകളായ ബെംഗളൂരു എഫ്‌ സി, മുംബൈ എഫ് സി, ഐസാൽ കൂടാതെ ഐഎസ്എൽ ക്ലബുകളായ കേരളത്തിന്റെ കേരള ബ്ലാസ്റ്റേഴ്സ്, ഡൽഹി ഡൈനാമോസ്, പൂനെ സിറ്റി, ചെന്നൈയിൻ, അത്ലറ്റികോ ഡി കൊൽക്കത്ത എന്നീ ക്ലബുകളാണ് ലീഗിൽ കളിക്കാൻ പോകുന്ന മറ്റു ക്ലബ്ബുകള്‍.

ആദ്യ ഐ ലീഗ് ഫൈനൽ റൗണ്ട് മത്സരത്തിന്റെ വേദിയും സമയവും ‘ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ’ അടുത്തു തന്നെ അറിയിക്കും. ഇന്ത്യൻ വനിതകൾ ഇന്ത്യൻ ഫുട്ബോളിനെ അടുത്ത ഉയരത്തിലേക്ക് എത്തിക്കുന്നതിനായി നമുക്ക് കാത്തിരിക്കാം.

Photo Credit- AIFF

Advertisement