ആവേശ സമനിലയും ആയി ലണ്ടൻ ഡാർബി, ലീഗിൽ ആഴ്‌സണൽ തന്നെ ഒന്നാമത്

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിൽ നിലവിലെ ജേതാക്കൾ ആയ ചെൽസിയും ലീഗിൽ ഒന്നാമതുള്ള ആഴ്‌സണലും ആയുള്ള മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഗോൾ ഒന്നും പിറന്നില്ല എങ്കിലും ആവേശകരമായ മത്സരം ആണ് കാണാൻ ആയത്. ലീഗിൽ ആദ്യ മത്സരത്തിൽ ആഴ്‌സണലിനോട് തോറ്റതിന് പ്രതികാരം തേടിയാണ് ചെൽസി വനിതകൾ മത്സരത്തിന് എത്തിയത്. നിരവധി അവസരങ്ങൾ കണ്ട മത്സരത്തിൽ അവസാന നിമിഷങ്ങൾ തീർത്തും ആവേശകരമായിരുന്നു.
20220212 115754

20 മത്തെ മിനിറ്റിൽ മിയെദേമയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ആഴ്‌സണലിന് നിരാശ സമ്മാനിച്ചു. ആദ്യ പകുതിയിൽ ആഴ്‌സണൽ ആധിപത്യം കണ്ടപ്പോൾ ശക്തമായ ചെൽസിയെ രണ്ടാം പകുതിയിൽ കാണാൻ ആയി. 87 മത്തെ മിനിറ്റിൽ ആഴ്‌സണൽ വനിതകൾ വിജയ ഗോളിന് അടുത്ത് എത്തിയെങ്കിലും ചെൽസി പ്രതിരോധം അത് രക്ഷിച്ചു. 8 മിനിറ്റ് നീണ്ടു നിന്ന ഇഞ്ച്വറി സമയത്ത് ജെസ്സി ഫ്ലെമിംഗ് ചെൽസിക്ക് ആയി ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുക ആയിരുന്നു. കഴിഞ്ഞ 12 ആഴ്‌സണൽ,ചെൽസി മത്സരത്തിലെ ആദ്യ ഗോൾ രഹിത സമനിലയാണ് ഇത്. നിലവിൽ ആഴ്‌സണലിന് 2 പോയിന്റുകൾ മുൻതൂക്കം ഉണ്ടെങ്കിലും 1 മത്സരം കുറവ് കളിച്ച ചെൽസിക്ക് ഇനിയുള്ള 9 മത്സരങ്ങളും ജയിച്ചാൽ തുടർച്ചയായ മൂന്നാം സൂപ്പർ ലീഗ് കിരീടം നേടാം. 11 വർഷത്തെ ലീഗ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ കിരീട പോരാട്ടം ആയി മാറുകയാണ് ഈ സീസൺ.