മിയെദെമയുടെ ഗോളിൽ പരാജയത്തിൽ നിന്നു രക്ഷപ്പെട്ടു ഹോളണ്ട്, വമ്പൻ ജയവുമായി ഇംഗ്ലണ്ടും ഫ്രാൻസും

ഫിഫ വനിത ലോകകപ്പ് യോഗ്യതയിലെ ആദ്യ മത്സരത്തിൽ ചെക് റിപ്പബ്ലിക്കിനോട് പരാജയം ഒഴിവാക്കി നേതാർലാന്റ്സ്. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ വലിയ ആധിപത്യം ആണ് ഡച്ച് ടീം കാഴ്ച വച്ചത്. എന്നാൽ മത്സരഗതിക്ക് എതിരായി ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ യുവന്റസ് താരം ആന്ദ്രയ സ്റ്റാസ്കോവ ചെക് ടീമിന് മുൻതൂക്കം സമ്മാനിച്ചു. ഇതോടെ ഡച്ച് ടീം ആക്രമണം കടുപ്പിച്ചു എങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഇതോടെയാണ് 82 മിനിറ്റിൽ ഡച്ച് ടീമിന്റെ രക്ഷക്ക് ആയി ആഴ്‌സണൽ താരം വിവിയനെ മിയെദെമ അവതരിച്ചത്. ഗോൾ നേടിയ മിയെദെമ ടീമിന്റെ പരാജയം ഒഴിവാക്കി ഒരു പോയിന്റ് ഡച്ച് ടീമിന് സമ്മാനിച്ചു.

അതേസമയം ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ഇംഗ്ലണ്ട് വടക്കൻ മാസഡോണിയെ എതിരില്ലാത്ത 8 ഗോളുകൾക്ക് തകർത്തു. സൗത്താപ്റ്റണിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ 2 സെൽഫ് ഗോളുകൾക്ക് ഒപ്പം ചെൽസി താരം ബെതനി ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ സിറ്റി താരം എലൻ വൈറ്റ് എന്നിവർ ഇരട്ടഗോളുകൾ നേടി. ആഴ്‌സണലിന്റെ ബെതനി ജെയിൻ മെഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എല്ല ടൂൺ എന്നിവർ ആണ് ഇംഗ്ലണ്ടിന്റെ മറ്റു ഗോളുകൾ നേടിയത്. പുതിയ പരിശീലക സെറീന വീഗ്മാനു കീഴിൽ ആദ്യ മത്സരം ഇങ്ങനെ ഇംഗ്ലീഷ് ടീം ആഘോഷം തന്നെയാക്കി. ഗ്രൂപ്പ് ഐയിൽ ഫ്രാൻസ് ഗ്രീസിനെ 10 ഗോളുകൾക്ക് ആണ് തകർത്തത്. പി.എസ്.ജിയുടെ മരി കറ്റോറ്റ ഫ്രാൻസിന് ആയി ഹാട്രിക് നേടിയപ്പോൾ പി.എസ്.ജിയുടെ തന്നെ ഗ്രെസ് ഗെയെരോ ഇരട്ടഗോളുകളും ആയി തിളങ്ങി. ഇറ്റലി, സ്‌കോട്ലാന്റ്, വെയിൽസ് ടീമുകളും തങ്ങളുടെ ആദ്യ ലോകകപ്പ് യോഗ്യത മത്സരത്തിൽ ജയം കണ്ടത്തി.