വനിത യൂറോകപ്പിൽ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി വടക്കൻ അയർലന്റിനെ തകർത്തു നോർവെ

വനിത യൂറോകപ്പിൽ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ വടക്കൻ അയർലന്റിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു നോർവെ തുടങ്ങി. ചരിത്രത്തിൽ ആദ്യമായി വലിയ ടൂർണമെന്റ് കളിക്കാൻ എത്തിയ അയർലന്റിന് രണ്ടു തവണ യൂറോ കപ്പ് ജേതാക്കൾ ആയ നോർവെയോട് സെന്റ് മേരീസ് സ്റ്റേഡിയത്തിൽ പിടിച്ചു നിൽക്കാൻ ആയില്ല. സൂപ്പർ താരം ആദ ഹെഗർബെർഗിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവ് മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിൽ പത്താം മിനിറ്റിൽ തന്നെ ലഭിച്ച അവസരം ലക്ഷ്യം കണ്ട മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ജൂലി ബ്ളാക്സ്റ്റാഡ് നോർവെക്ക് മുൻതൂക്കം സമ്മാനിച്ചു. മൂന്നു മിനിറ്റിനുള്ളിൽ അയർലന്റ് ഗോൾ കീപ്പർ വരുത്തിയ പിഴവിൽ നിന്നു ലഭിച്ച അവസരത്തിൽ ഹെഗർബെർഗിന്റെ പാസിൽ നിന്നു ഫ്രിദ മാനം നോർവെയുടെ മുൻതൂക്കം ഇരട്ടിയാക്കി.

20220708 030624

31 മത്തെ മിനിറ്റിൽ കോർണർ പ്രതിരോധിക്കുന്ന സമയത്ത് പന്ത് നദീൻ കാൽഡ്വൽ ഹാന്റ് ബോൾ വഴങ്ങിയപ്പോൾ വാറിലൂടെ റഫറി നോർവെക്ക് അനുകൂലമായി പെനാൽട്ടി സമ്മാനിച്ചു. പെനാൽട്ടി അനായാസം ബാഴ്‌സലോണ താരം കരോളിൻ ഗ്രഹാം ഹാൻസൻ ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ആരാധകർക്ക് മുന്നിൽ അയർലന്റ് ഉണർന്നു കളിച്ചു. 48 മത്തെ മിനിറ്റിൽ ജാക്കി ഫർണസിന്റെ പാസിൽ നിന്നു ഹെഡറിലൂടെ 37 കാരിയായ ജൂലി നെൽസൺ ഹെഡറിലൂടെ ഗോൾ കണ്ടത്തി. അയർലന്റ് ഒരു പ്രധാന ടൂർണമെന്റിൽ നേടുന്ന ആദ്യ ഗോൾ ആയി മാറി ഇത്. എന്നാൽ അധികം വൈകും മുമ്പ് മികച്ച ഇരു ഫ്രീകിക്കിലൂടെ ഗുരോ റെയിറ്റൻ നോർവെയുടെ നാലാം ഗോളും കണ്ടത്തി. തിരിച്ചു വരവിൽ ഹെഗർബെർഗ് വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. ജയത്തോടെ ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് മുകളിൽ ഒന്നാമത് എത്താനും നോർവെക്ക് ആയി.