ഹോളണ്ടിനു വലിയ തിരിച്ചടി സൂപ്പർ താരം വിവിയനെ മിയെദെമക്ക് കോവിഡ് സ്ഥിരീകരിച്ചു

വനിത യൂറോ കപ്പിൽ നിലവിലെ ജേതാക്കളായ ഹോളണ്ടിനു വലിയ തിരിച്ചടിയായി സൂപ്പർ താരം വിവിയനെ മിയെദെമക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യ മത്സരത്തിൽ സ്വീഡന് എതിരെ തിരിച്ചു വന്നു സമനില കണ്ടത്തിയ ഹോളണ്ടിനു അന്ന് പ്രധാന താരങ്ങളെ പരിക്ക് മൂലം നഷ്ടപ്പെട്ടിരുന്നു. അടുത്ത മത്സരത്തിൽ പോർച്ചുഗല്ലിനെയും തുടർന്ന് സ്വിസർലാന്റിനെയും നേരിടേണ്ട ഹോളണ്ടിനു അവരുടെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരിയായ മിയെദെമയുടെ അഭാവം വലിയ തിരിച്ചടിയാവും.

നിലവിൽ കോവിഡ് സ്ഥിരീകരിച്ച താരം ഒറ്റക്ക് നിരീക്ഷണത്തിൽ ആണെന്ന് അറിയിച്ച ഹോളണ്ട് ടീം താരത്തിന് രോഗ ലക്ഷണങ്ങൾ ഇല്ലെന്നും പറഞ്ഞു. ഞായറാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിന് എങ്കിലും മിയെദെമയെ ലഭിക്കുമോ എന്ന ചോദ്യം ആണ് ഹോളണ്ട് ടീം നേരിടുന്നത്. നേരത്തെ ഹോളണ്ട് സഹതാരം ജാക്കി ഗ്രോനെനയും അവർക്ക് കോവിഡ് മൂലം നഷ്ടമായിരുന്നു. ഇംഗ്ലണ്ടിന്റെ ലോട്ടെ വുബൻ മോയി ജർമ്മനിയുടെ ലീ ഷർലെ തുടങ്ങിയ പ്രമുഖ താരങ്ങൾക്കും മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.