ആദ്യ പകുതിയിൽ തന്നെ ഹാട്രിക് നേടി ചരിത്രം കുറിച്ചു ഗ്രേസ്, ഇറ്റലിയെ ഗോളിൽ മുക്കി ഫ്രാൻസ്

Wasim Akram

20220711 031947

വനിത യൂറോയിൽ തങ്ങൾ തന്നെയാണ് കിരീടത്തിനു ഏറ്റവും സാധ്യതയുള്ള ടീം എന്നു പറയുന്ന പ്രകടനവുമായി ഫ്രാൻസ്. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ഫ്രാൻസ് തങ്ങളുടെ ശക്തി തെളിയിക്കുന്ന പ്രകടനം ആണ് ആദ്യ പകുതിയിൽ തന്നെ പുറത്ത് എടുത്തത്. നാലാം മിനിറ്റിൽ ഇറ്റലി മുന്നേറ്റനിര താരം ബാർബറ ബൊനാൻസിയുടെ ശക്തമായ ഷോട്ട് ഫ്രഞ്ച് ഗോൾ കീപ്പർ പോളിൻ മാഗ്നിന് രക്ഷിച്ചു. ഇതിനു ശേഷം ഫ്രാൻസ് മാസ്റ്റർ ക്ലാസ് ആണ് ആദ്യ പകുതിയിൽ കാണാൻ ആയത്. അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ഫ്രാൻസ് മത്സരത്തിൽ മുന്നിലെത്തി. പ്രതിരോധത്തിൽ സാറ ഗാമയുടെ പിഴവിൽ നിന്നു ലഭിച്ച പന്തിൽ നിന്നു ഗ്രേസ് ഗെയോരോ ഫ്രാൻസിന്റെ ആദ്യ ഗോൾ നേടി. 3 മിനിറ്റിനുള്ളിൽ ഫ്രാൻസ് രണ്ടാം ഗോളും നേടി.

ഇത്തവണ ബോക്സിലേക്ക് വന്ന ക്രോസ് ഇറ്റലി ഗോൾ കീപ്പർ ലൗറ ജുലിയാനി തട്ടിയിട്ടത് പി.എസ്.ജിയുടെ മേരി കാറ്റോറ്റയുടെ കാലിലേക്ക്. താരം അനായാസം പന്ത് വലയിലാക്കി. മിനിറ്റുകൾക്ക് അകം മേരിയുടെ ഹെഡർ പോസ്റ്റിൽ ഇടിച്ചു മടങ്ങിയത് ഇറ്റലിക്ക് രക്ഷയായി. 38 മത്തെ മിനിറ്റിൽ ഫ്രാൻസിന്റെ മൂന്നാം ഗോളും പിറന്നു. ഇത്തവണ സകിന കരചോയിയുടെ പാസിൽ നിന്നു ലിയോണിന്റെ ഡെൽഫിൻ കാസ്കാരിനോയുടെ ഉഗ്രൻ അടി ഇറ്റാലിയൻ വലയിൽ എത്തി. രണ്ടു മിനിറ്റിനുള്ളിൽ നാലാം ഗോളും പിറന്നു മേരിയുടെ പാസിൽ ഓഫ് സൈഡ് ട്രാപ്പ് മറികടന്ന ഗ്രേസ് തന്റെ രണ്ടാം ഗോളും നേടിയതോടെ ഇറ്റലി പരാജയം സമ്മതിച്ചു. തുടർന്ന് ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സാന്റി ടോലേറ്റിയുടെ മറ്റൊരു ക്രോസ് ഇറ്റാലിയൻ പ്രതിരോധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ മികച്ച ഒരു വോളിയിലൂടെ ഗോൾ കണ്ടത്തിയ ഗ്രേസ് ആദ്യ പകുതിയിൽ തന്നെ ഹാട്രിക് പൂർത്തിയാക്കി.

20220711 031955

യൂറോ കപ്പിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെതും ആദ്യ പകുതിയിൽ ഹാട്രിക് നേടുന്ന ആദ്യത്തെയും താരമായി പി.എസ്.ജിയുടെ ഗ്രേസ്. യൂറോ കപ്പിൽ ആദ്യ പകുതിയിൽ 5 ഗോളുകൾ അടിക്കുന്ന ആദ്യ ടീമായി ഫ്രാൻസും മാറി. രണ്ടാം പകുതിയിൽ ഗ്രേസിനെതിരായ ക്യാപ്റ്റൻ സാറ ഗാമയുടെ അപകടകരമായ ഫൗളിന് റഫറി ചുവപ്പ് കാർഡ് കൂടി കാണിച്ചതോടെ ഇറ്റലി പിന്നെയും തകർന്നു. എന്നാൽ വലിയ വാർ പരിശോധനക്ക് ശേഷം റഫറി ചുവപ്പ് കാർഡ് പിൻവലിച്ചു ഇത് മഞ്ഞ കാർഡ് ആയി മാറ്റുക ആയിരുന്നു. 76 മത്തെ മിനിറ്റിൽ ലിസ ബോട്ടിന്റെ ക്രോസിൽ നിന്നു പകരക്കാരിയായി ഇറങ്ങി രണ്ടാം മിനിറ്റിൽ തന്നെ മിലാന്റെ മാർട്ടിന പിയമോന്റെയുടെ ഹെഡർ ഗോൾ ഇറ്റലിക്ക് ആശ്വാസ ഗോൾ സമ്മാനിക്കുക ആയിരുന്നു. വലിയ ജയത്തോടെ ഫ്രാൻസ് മറ്റ് എതിരാളികൾക്ക് വ്യക്തമായ മുന്നറിയിപ്പ് തന്നെയാണ് നൽകുന്നത്.