ചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയവുമായി ആഴ്‌സണൽ, ബാഴ്‌സലോണക്കും വമ്പൻ ജയം

Screenshot 20211111 012648

വനിത ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സിയിലെ മൂന്നാം മത്സരത്തിൽ വമ്പൻ ജയവുമായി ആഴ്‌സണൽ. ഡാനിഷ് ക്ലബ് ആയ എഫ്.സി കോജിനെ ഒന്നിനെതിരെ 5 ഗോളുകൾക്ക് ആണ് ആഴ്‌സണൽ വനിതകൾ തകർത്തത്. മത്സരത്തിൽ വലിയ ആധിപത്യം പുലർത്തിയ ആഴ്‌സണൽ 80 ശതമാനത്തിൽ അധികം സമയവും പന്ത് കൈവശം വക്കുകയും 25 ഷോട്ടുകൾ ഉതിർക്കുകയും ചെയ്തു. പല പ്രമുഖ താരങ്ങളെയും ബെഞ്ചിൽ ഇരുത്തി ഇറങ്ങിയ ആഴ്‌സണലിന് 16 മത്തെ മിനിറ്റിൽ പെനാൽട്ടി ലഭിച്ചു എങ്കിലും പെനാൽട്ടി എടുത്ത നികിത പാരീസിന് പിഴച്ചു. എന്നാൽ 27 മത്തെ മിനിറ്റിൽ അതുഗ്രൻ ഫ്രീക്കിക്കിലൂടെ ഗോൾ കണ്ടത്തിയ സ്റ്റെഫനി കാറ്റ്ലി ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചു. ഒന്നാം പകുതിയിൽ വലിയ ആധിപത്യം പുലർത്തിയെങ്കിലും പിന്നീട് ഗോൾ നേടാൻ ആഴ്‌സണലിന് ആയില്ല.

രണ്ടാം പകുതിയിൽ 62 മത്തെ മിനിറ്റിൽ പെനാൽട്ടി പാഴാക്കിയതിനു പകരമായി ഫ്രീദയുടെ പാസിൽ നിന്നു നികിത പാരീസിന്റെ ഗോൾ വന്നു. തുടർന്ന് 6 മിനിറ്റിനുള്ളിൽ ഗോൾ നേടിയ കാറ്റലിൻ ഫോർഡ് ആഴ്‌സണൽ ജയം ഉറപ്പിച്ചു. 71 മത്തെ മിനിറ്റിൽ മാഡിലിനിലൂടെ ഡാനിഷ് ടീം ഒരു ഗോൾ തിരിച്ചു അടിച്ചു എങ്കിലും 85 മത്തെ മിനിറ്റിൽ പകരക്കാരിയായി ഇറങ്ങിയ അന്ന പാറ്റൻ ആഴ്‌സണലിന് നാലാം ഗോൾ സമ്മാനിച്ചു. കാറ്റലിൻ ഫോർഡ് ആണ് ഈ ഗോൾ ഒരുക്കിയത്. തുടർന്ന് ബെത് മെഡിന്റെ പാസിൽ നിന്നു 89 മത്തെ മിനിറ്റിൽ ഗോൾ കണ്ടത്തിയ ജോർദൻ നോബ്‌സ് ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു. വനിത സൂപ്പർ ലീഗിൽ നോർത്ത് ലണ്ടൻ ഡാർബിക്ക് ഈ ആഴ്ച ഒരുങ്ങുന്ന ആഴ്‌സണലിന് വലിയ ആത്മവിശ്വാസം ആവും ഈ ജയം.

അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ജേതാക്കൾ ആയ ബാഴ്‌സലോണ ഹോഫൻഹൈമിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിലും വലിയ ജയം ആണ് ബാഴ്‌സലോണ നേടിയത്. അഞ്ചാം മിനിറ്റിൽ മാർട്ടനസിന്റെ പാസിൽ നിന്നു ജെന്നിയാണ് ബാഴ്‌സലോണയുടെ ഗോൾ വേട്ട തുടങ്ങിയത്. 19, 33 മിനിറ്റുകളിൽ ബാഴ്‌സ സൂപ്പർ താരം അലക്സിയ അവരുടെ ജയം ഉറപ്പിച്ചു. തുടർന്ന് 74 മത്തെ മിനിറ്റിൽ മാർത്തയുടെ ഗോളിന് വഴി ഒരുക്കിയ അലക്സിയ ബാഴ്‌സലോണ ജയം പൂർത്തിയാക്കുക ആയിരുന്നു. നിലവിൽ മൂന്നു മത്സരങ്ങൾക്ക് ശേഷം ഗ്രൂപ്പിൽ ബാഴ്‌സലോണ ഒന്നാമതും ആഴ്‌സണൽ രണ്ടാമതും ആണ്.

Previous articleആഴ്‌സണലിന്റെ ഒക്ടോബറിലെ മികച്ച താരമായി ആരോൺ റാമ്സ്ഡേൽ
Next articleഐ എഫ് എ ഷീൽഡ് നവംബർ 24 മുതൽ, ഗോകുലം പങ്കെടുക്കും