വനിത യൂറോയിൽ ഫ്രാൻസിന് തിരിച്ചടി, പരിക്ക് മൂലം പി.എസ്.ജി സൂപ്പർ താരം ഇനി ടൂർണമെന്റിൽ കളിക്കില്ല

വനിത യൂറോ കപ്പിൽ ഫ്രാൻസിന് വമ്പൻ തിരിച്ചടിയായി പാരീസ് സെന്റ് ജർമ്മൻ സൂപ്പർ താരം മേരി ആന്റോനെറ്റെ കൊറ്റോറ്റയുടെ പരിക്ക്. പി.എസ്.ജിയുടെ റെക്കോർഡ് ഗോൾ വേട്ടക്കാരിയായ 23 കാരിക്ക് ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിൽ ബെൽജിയത്തിന് എതിരായ മത്സരത്തിൽ ആണ് പരിക്കേറ്റത്. ഫ്രാൻസ് 2-1 നു ജയിച്ചു ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച മത്സരത്തിൽ പരിക്ക് മൂലം താരത്തെ പിൻവലിക്കുകയും ചെയ്തിരുന്നു. ആദ്യം ചെറിയ പരിക്ക് ആണ് എന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും പിന്നീട് ഫ്രാൻസ് ടീം താരത്തിന്റെ കാൽ മുട്ടിനു ഏറ്റ പരിക്ക് ഗുരുതരം ആണെന്നും ടൂർണമെന്റിൽ ഇനി കളിക്കില്ല എന്നും അറിയിക്കുക ആയിരുന്നു.

യൂറോയിൽ ടോപ് സ്‌കോറർ ആവും എന്നു പ്രതീക്ഷിക്കപ്പെട്ട താരം ഇതിനകം ഇറ്റലിക്ക് എതിരായ വലിയ ജയത്തിൽ ഗോൾ നേടിയിരുന്നു. ഫ്രാൻസിന് ആയി 32 കളികളിൽ നിന്നു 26 ഗോളുകൾ നേടിയ താരത്തിന്റെ അഭാവം ഫ്രാൻസ് ടീമിന് വലിയ നഷ്ടം ആവും എന്നുറപ്പാണ്. നിലവിൽ ഗ്രൂപ്പിൽ ഐസ്‌ലാന്റ് ആണ് ഫ്രാൻസിന്റെ അവസാന മത്സരത്തിലെ എതിരാളികൾ. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാർ ആയി ഇതിനകം അവസാന എട്ടിൽ ഇടം നേടിയ ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരെ ജൂലൈ 23 നു നേരിടും.