അവസാന നിമിഷം സമനില വഴങ്ങിയിട്ടും ഗ്രൂപ്പ് ജേതാക്കളായി ഫ്രാൻസ് മുന്നോട്ട്, ക്വാർട്ടറിൽ ഫ്രാൻസ്,ഹോളണ്ട് പോരാട്ടം

Wasim Akram

20220719 023236
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഐസ്‌ലാന്റിനോട് സമനില വഴങ്ങി ഫ്രാൻസ്. ഇതിനകം തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്ന ഫ്രാൻസ് പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് മത്സരത്തിന് എത്തിയത്. എങ്കിലും മത്സരത്തിൽ ഫ്രാൻസിന് തന്നെ ആയിരുന്നു ആധിപത്യം. മത്സരം തുടങ്ങി 43 മത്തെ സെക്കന്റിൽ തന്നെ ഫ്രാൻസ് മത്സരത്തിൽ മുന്നിലെത്തി. ക്ലാര മറ്റെയോയുടെ പാസിൽ നിന്നു ഒളിമ്പിക് ലിയോണിന്റെ മെൽവിൻ മലാർഡ് ഫ്രാൻസിന് മുൻതൂക്കം സമ്മാനിക്കുക ആയിരുന്നു. ഈ വർഷത്തെ യൂറോ കപ്പിലെ ഏറ്റവും വേഗതയേറിയ ഗോൾ ആയിരുന്നു ഇത്. ഇടക്ക് മലാർഡിന്റെ ഒരു ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങുകയും ചെയ്തു. രണ്ടാം പകുതിയിൽ മത്സരത്തിൽ ഫ്രാൻസിന് ആയി കളം നിറഞ്ഞു കളിച്ച പി.എസ്.ജി താരം സാന്റി ബാൽട്ടിമോറിന്റെ ശ്രമവും പോസ്റ്റിൽ തട്ടി മടങ്ങി. പിന്നീട് ഒരിക്കൽ കൂടി ഫ്രാൻസിന്റെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ ഒരു ഐസ്‌ലാന്റ് ശ്രമം ബാറിൽ തട്ടി മടങ്ങി.

68 മത്തെ മിനിറ്റിൽ മലാർഡ് ഒരിക്കൽ കൂടി പോസ്റ്റിനുള്ളിൽ എത്തിച്ചു എങ്കിലും വാർ പരിശോധനക്ക് ശേഷം അത് ഓഫ് സൈഡ് ആയി വിധിക്കപ്പെട്ടു. 88 മത്തെ മിനിറ്റിൽ ഗ്രേസ് ഗെയോരോ ഗോൾ നേടിയെങ്കിലും ഗോളിന് മുമ്പ് താരം പന്ത് കയ്യ് കൊണ്ടു തട്ടിയത് ആയി വാർ പരിശോധനയിൽ കണ്ടതോടെ റഫറി ഗോൾ അനുവദിച്ചില്ല. 12 മിനിറ്റിൽ അധികം ഇഞ്ച്വറി സമയം ആണ് മത്സരത്തിൽ അനുവദിച്ചത്. 111 മത്തെ മിനിറ്റിൽ ജോൻസ്‌ഡോറ്റിറിനെ സാർ ബോക്‌സിൽ വീഴ്ത്തിയതിനു റഫറി വാർ പരിശോധനക്ക് ശേഷം പെനാൽട്ടി അനുവദിച്ചു. മത്സരത്തിലെ അവസാന കിക്കിൽ പെനാൽട്ടി ലക്ഷ്യം കണ്ട വെസ്റ്റ് ഹാം താരം ഡാഗ്നി ബ്രഞ്ചാർസ്ഡോറ്റിർ ഐസ്‌ലാന്റിന് സമനില സമ്മാനിച്ചു. സമനില നേടിയെങ്കിലും അവർ ടൂർണമെന്റിൽ നിന്നു പുറത്തായി. ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ ഫ്രാൻസ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായ നിലവിലെ ജേതാക്കളായ ഹോളണ്ടിനെ ആണ് ക്വാർട്ടർ ഫൈനലിൽ നേരിടുക.