സ്പെയിനിനെ പുറത്താക്കി ലോക ചാമ്പ്യൻസ് ക്വാർട്ടറിൽ

ഫ്രാൻസിൽ നടക്കുന്ന വനിതാ ഫുട്ബോൾ ലോകകപ്പിൽ അമേരിക്ക ക്വാർട്ടറിൽ കടന്നു. നിലവിലെ ലോക ചാമ്പ്യന്മാരായ അമേരിക്ക സ്പെയിനിനെ ആണ് ഇന്ന് പരാജയപ്പെടുത്തിയത്. സ്പെയിനു മുന്നിൽ വിറച്ച അമേരിക്ക രണ്ട് പെനാൾട്ടികളുടെ ബലത്തിലാണ് ഇന്ന് ജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അമേരിക്കയുടെ വിജയം‌.

മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ ആയിരുന്നു ആദ്യ പെനാൾട്ടി വന്നത്. പെനാൾട്ടി എടുത്ത ക്യാപ്റ്റൻ റപിനോ അമേരിക്കയ്ക്ക് ലീഡ് നൽകി. എന്നാൽ രണ്ട് മിനുട്ടുകൾക്കകം തന്നെ തിരിച്ചടിച്ച് സമനില പിടിക്കാൻ സ്പെയിനിനായി. ഹെർമോസോ ആണ് സ്പെയിനിന്റെ ഗോൾ നേടിയത്. അമേരിക്ക ഈ ലോകകപ്പിൽ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്.

മത്സരം വളരെ അധികം നേരം 1-1ൽ തന്നെ തുടർന്നു. അമേരിക്കയെ പതിവ് താളത്തിൽ കളിക്കാൻ സ്പെയിൻ അനുവദിച്ചില്ല. പക്ഷെ 75ആം മിനുട്ടിൽ വീണ്ടും പെനാൾട്ടി സ്പെയിന് എതിരായി. വീണ്ടും പെനാൾട്ടി കിക്ക് എടുത്ത റപിനോ വീണ്ടും ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ എത്തിച്ചു.