Screenshot 20220818 175353 01

ബെത്ത് മെഡ്, അലക്സിയ പുറ്റലസ്, ലെന ഒബർഡോർഫ്! ആരാകും യുഫേഫയുടെ ഏറ്റവും മികച്ച താരം? | Report

യുഫേഫയുടെ മികച്ച പരിശീലക ആവാൻ സറീന വിങ്മാൻ, മാർട്ടിന വോസ്-ടെക്ലൻബർഗ്, സോണിയ ബോമ്പസ്റ്റോർ പോരാട്ടം.

 

യുഫേഫയുടെ ഈ വർഷത്തെ ഏറ്റവും മികച്ച താരങ്ങളുടെ നോമിനേഷൻ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിന് യൂറോ കപ്പ് നേടി നൽകിയ യൂറോ കപ്പിലെ മികച്ച താരവും ടോപ് സ്കോററും ആയ ആഴ്‌സണലിന്റെ ബെത്ത് മെഡ്, യൂറോ കപ്പിലെ മികച്ച യുവതാരം ആയി തിരഞ്ഞെടുക്കപ്പെട്ട ജർമ്മനിയുടെ വോൾവ്സ്ബർഗ് താരം ലെന ഒബർഡോർഫ്, ബാഴ്‌സലോണയെ ലാ ലീഗ ജേതാക്കൾ ആക്കിയ സ്പാനിഷ് താരം അലക്സിയ പുറ്റലസ് എന്നിവർ ആണ് നോമിനേഷൻ നേടിയ താരങ്ങൾ. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ എത്തിച്ച പുറ്റലസ് ടൂർണമെന്റിലെ മികച്ച താരവും ആയിരുന്നു.

എന്നാൽ യൂറോ കപ്പിന് തൊട്ടു മുമ്പ് പരിക്ക് വില്ലൻ ആയപ്പോൾ പുറ്റലസിന് യൂറോയിൽ കളിക്കാൻ ആയില്ല. യുഫേഫയുടെ മികച്ച താരമാവാൻ ബെത്ത് മെഡിനു തന്നെയാണ് കൂടുതൽ സാധ്യത. ലിയോണിനെ വീണ്ടുമൊരു റെക്കോർഡ് ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച പരിശീലക സോണിയ ബോമ്പസ്റ്റോർ, ജർമ്മനിയെ യൂറോ കപ്പ് ഫൈനലിൽ എത്തിച്ച മാർട്ടിന വോസ്-ടെക്ലൻബർഗ്, ഇംഗ്ലണ്ടിന് യൂറോ കപ്പ് നേടി നൽകിയ സറീന വിങ്മാൻ എന്നിവർ ആണ് മികച്ച പരിശീലകക്കുള്ള നോമിനേഷൻ നേടിയവർ. ഇംഗ്ലണ്ടിന് ചരിത്ര യൂറോ കപ്പ് സമ്മാനിച്ച ഡച്ച് പരിശീലക സറീന വിങ്മാനു തന്നെയാണ് ഈ വിഭാഗത്തിൽ കൂടുതൽ സാധ്യത. ഈ മാസം 25 നു ചാമ്പ്യൻസ് ലീഗ് ഡ്രോക്ക് മുമ്പ് അവാർഡുകൾ പ്രഖ്യാപിക്കും.

Story Highlight : UEFA announced best player and coaches nominations for women’s football.

Exit mobile version