തുർക്കിയിൽ വലിയ ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യൻ വനിതകൾ

ഒളിമ്പിക്സ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങൾക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായി ഇന്ത്യൻ വനിതകൾ മറ്റൊരു ടൂർണമെന്റിനു കൂടെ ഒരുങ്ങുന്നു‌. ഇത്തവണ തുർക്കിയിൽ വെച്ച് നടക്കുന്ന തുർക്കിഷ് കപ്പിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. എട്ടു രാജ്യങ്ങൾ പങ്കെടുക്കുന്ന വലിയ ടൂർണമെന്റ് തന്നെയാണിത്. കൂടുതൽ മത്സര പരിചയത്തിന് വേണ്ടിയാണ് ഈ ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കുന്നത്.

ഒഡീഷയിൽ നടന്ന ഗോൾഡ് കപ്പിൽ നിന്ന് ഫൈനൽ കാണാതെ ഇന്ത്യൻ ടീം പുറത്തായിരുന്നു‌. എങ്കിലും ഇന്ത്യൻ വനിതകൾ കൂടുതൽ മത്സരം കളിക്കുക എന്നതിലാണ് ഇപ്പോൾ ശ്രദ്ധ എന്നാണ് ടീം അധികൃതർ പറയുന്നത്. കഴിഞ്ഞ മാസം ഹോങ്കോങിലും ഇന്തോനേഷ്യയിലും ഇന്ത്യൻ വനിതകൾ പര്യടനം നടത്തിയിരുന്നു.

രണ്ട് ഗ്രൂപ്പുകളിൽ ആയാലും തുർക്കിഷ് മത്സരങ്ങൾ നടക്കുക. ഇന്ത്യ ഗ്രൂപ്പ് എയിൽ ആണ്. ഉസ്ബെകിസ്താൻ, തുർക്ക്മെനിസ്താൻ, റൊമാനിയ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പിൽ ഉള്ളത്‌‌. ഗ്രൂപ്പ് ബിയിൽ ഫ്രാൻസ്, തുർക്കി, നോർതേൺ അയർലണ്ട്, ജോർദാൻ എന്നിവരും മത്സരിക്കും. ഫെബ്രുവരി 27നാകും ടൂർണമെന്റ് ആരംഭിക്കുക.